കൊച്ചി: ലഹരിക്കേസില്‍ നടന് ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പ്രാഥമിക ഘട്ട ചോദ്യം ചെയ്യലായിരിക്കും ഇന്ന് നടക്കുകയെന്നാണ് വിവരം. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനും നോട്ടീസ് അയച്ചിരുന്നു. പ്രയാഗ ഇതുവരെയും എത്തിയിട്ടില്ല.
ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയോട് പത്തും പ്രയാഗ മാര്‍ട്ടിനോട് പതിനൊന്നും മണിക്ക് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ തന്നെ അസൗകര്യത്തില്‍ സമയം മാറ്റുകയായിരുന്നു.
കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന കാര്യത്തിലാണ് പ്രധാനമായും ചോദ്യം ചെയ്യല്‍. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.