തിരുവനന്തപുരം : ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ തീരുമാനത്തിൽ പുനരാലോചന. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്പോട്ട് ബുക്കിങ് അനുവദിക്കാനാണ് നീക്കം. സ്പോട്ട് ബുക്കിങ് നിർത്തിയതിൽ വ്യപക പ്രതിഷേധമാണുണ്ടായത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയുണ്ടാകും.
ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയിൽ ഇതുസംബന്ധിച്ച് സബ്മിഷൻ അവതരിപ്പിച്ചിരുന്നു. ഓൺലൈൻ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കണമെന്നും 80,000 പേർക്ക് സ്പോട്ട് ബുക്കിങ് നൽകുന്ന തീരുമാനം പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
എല്ലാ ആളുകളും ഇന്റർനെറ്റും ഓൺലൈനും ഉപയോഗിക്കുന്നവരല്ലെന്നും ഇക്കാര്യം സർക്കാർ ഗൗരവകരമായി ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. നേരത്തെ, മുഖ്യമന്ത്രിയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗമാണ് ശബരിമല ദർശനത്തിന് ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനമെടുത്തത്. സർക്കാറിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ലെങ്കിലും നിയന്ത്രണങ്ങളോടെ സ്പോട്ട് ബുക്കിങ് അനുവദിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.