ചെന്നൈ : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് SFIO. ഏജൻസി കേസ് ചെന്നൈയിൽ വെച്ചാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മാസപ്പടി കേസിൽ അന്വേഷണം പൂർത്തിയായെന്നാണ് സൂചന.
വീണ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകൾ പുറത്ത് വന്നതിന് പിന്നാലെയാണ് വീണയുടെ പിന്നാലെയുള്ള സംശയങ്ങള്‍ നീളുന്നത്. ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) 1.72 കോടി രൂപ നൽകിയതിന്റെ രേഖകളാണ് പുറത്തുവന്നത്.
2017ൽ വീണ വിജയന്റെ എക്സലോജിക് കമ്പനിയും സി.എം.ആർ.എൽ കമ്പനിയും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം വീണക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്സലോജിക്കിന് മൂന്ന് ലക്ഷം രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയിരിക്കുന്നത്.
എന്നാൽ, വീണ വിജയനോ എക്സലോജിക് കമ്പനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങൾ നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ ഡയറക്ടറായ ശശിധരൻ കർത്ത ആദായനികുതി തർക്കപരിഹാര ബോർഡിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു സേവനവും നൽകാതെ 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകിയെന്ന കണ്ടെത്തൽ പുറത്ത് വരുന്നത്.