ശ്രീനഗർ : ജമ്മുകശ്മീരിലെ ശ്രീനഗർ ജില്ലയിൽ റോഡുകളിലെ ഗതാഗതക്കുരുക്കിന് പുറമെ നഗരത്തിനകത്തും പരിസരത്തും വാഹനങ്ങൾ പാർക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വഴക്കുകൾ പതിവാകുമ്പോൾ ഇന്ന് തർക്കം അവസാനിച്ചത് കൊലപാതകത്തിൽ.
സരീഫ് അഹമ്മദ് മിർ എന്ന വ്യക്തി, തങ്ങളുടെ കടകൾക്ക് സമീപം വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അമീർ റസാഖ് മിർ എന്നയാളെ കത്തിവച്ച് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റയാളെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിയിലെത്തിച്ചെങ്കിലും മരണപെട്ടു. ഇരുവരും ശ്രീനഗറിലെ പരിംപോറ പ്രദേശവാസികളാണ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പരിമ്പോറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
ദിവസേന നൂറുകണക്കിന് പുതിയ വാഹനങ്ങളുടെ കടന്നുകയറ്റം കാരണം ശ്രീനഗറും സമീപ പ്രദേശങ്ങളും കഴിഞ്ഞ അഞ്ച് വർഷമായി പ്രതിസന്ധിയിലാണ്.