തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഓഫീസിനുമെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് പരാതി. ശ്രീജ നെയ്യാറ്റിന്‍കര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പരാതി. പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
സംഗീത സംവിധായകന് ഔസേപ്പച്ചന് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള പോസ്റ്റില്‍ വി ഡി സതീശന്റെ സെക്രട്ടറിക്കെതിരെ ശ്രീജ പരാമര്‍ശം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പരാതിയില്‍ പറയുന്നു.
‘വി ഡി സതീശന്റെ സെക്രട്ടറി ഇന്നലെ രാത്രി ഔസേപ്പച്ചന്റെ മരുമകനെ വിളിച്ച് പറഞ്ഞത്രെ തനിക്ക് ഔസേപ്പച്ചന് സാറിനെ കുറിച്ച് ഇപ്പോഴാണ് അഭിമാനം തോന്നിയതെന്ന്. അതായത് ഔസേപ്പച്ചന് ആര്‍എസ്എസ് വേദിയില്‍ ചെന്ന് ആര്‍എസ്എസിനെ വിശുദ്ധരായി പ്രഖ്യാപിച്ചതില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സെക്രട്ടറിക്ക് അഭിമാനമാണത്രെ’, എന്നാണ് ശ്രീജയുടെ പോസ്റ്റിലെ പരാമര്‍ശം.
ഔസേപ്പച്ചന് ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധം അറിയിക്കാന്‍ വിളിച്ചപ്പോഴാണ് തന്നോട് ഔസേപ്പച്ചന് ഇക്കാര്യം പറഞ്ഞതെന്ന് ശ്രീജ പറയുന്നു. ഈ പോസ്റ്റ് നീക്കം ചെയ്യണമെന്നും ശ്രീജയ്ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.