മോശം പ്രകടനത്തിന് പിന്നാലെ വനിത ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്.
ഇന്ത്യന്‍ ടീമിന് കാലങ്ങളായി യതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ലെന്നാണ് മിതാലി വിമര്‍ശനം ഉന്നയിച്ചത്.
ഈ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരം വിജയിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ വര്‍ഷങ്ങളായി ഓസ്ട്രേലിയയ്ക്ക് മുമ്പില്‍ ഇന്ത്യ ചെറിയ മാര്‍ജിനില്‍ പരാജയപ്പെടുന്നുവെന്നാണ് മിതാലിയുടെ വിമര്‍ശനം.
ദക്ഷിണാഫ്രിക്കയെപോലുള്ള ടീം പരിമിത സാഹചര്യങ്ങളില്‍ നിന്ന് വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നു. എന്നാല്‍ അതിലേറെ മികച്ച സാഹചര്യങ്ങളുള്ള ഇന്ത്യന്‍ ടീമിന് ആ മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നില്ലെന്നും മിതാലി രാജ് വ്യക്തമാക്കി.
ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ടീമിനെ പരാജയപ്പെടുത്താനാണ് തയ്യാറെടുക്കേണ്ടത്. എന്നാല്‍ ചെറിയ ടീമിനെ പരാജയപ്പെടുത്തുന്നതില്‍ ഇന്ത്യ സന്തോഷിക്കുന്നുവെന്നും മിതാലി പറഞ്ഞു.