ഒരുകാലത്ത് പാവങ്ങളുടെയും തൊഴിലാളികളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ആശ്രയവും ആവേശവുമായിരുന്നു എറണാകുളം ജില്ലയിലെ സി പി ഐ എം. എന്നാല്‍ ഇപ്പോള്‍ ഈ പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ലാതായിരിക്കുന്നു. വന്‍ വ്യാവസായ നഗരമായ കൊച്ചിയില്‍ കച്ചവട താല്‍പ്പര്യങ്ങളോടെ പാര്‍ട്ടിയില്‍ പുതിയൊരു വിഭാഗം പിടി മുറിക്കുകയാണ്. ചെങ്കൊടിയുടെ തണലില്‍ ആശ്വാസത്തോടെ നില്ക്കാന് പറ്റുമെന്ന തൊഴിലാളികളുടെയും, സാധാരണ പ്രവര്‍ത്തകരുടേയും വിശ്വാസങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുന്നു.
സംസ്ഥാനത്ത് പാര്‍ട്ടി 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തയ്യാറെടുക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ‘ വഴങ്ങാത്ത സഖാക്കളെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വെട്ടിനിരത്തുകയാണ്. അഴിമതിക്കും ചിലനേതാക്കളുടെ കച്ചവട താല്പര്യങ്ങളും സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ ആത്മാര്‍ത്ഥതയോടെ പാര്‍ട്ടിക്കുവേണ്ടി ജീവന് നല്കാന് പോലും തയ്യാറായ സഖാക്കളെ പുറത്താക്കാനാണ് ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത്.
ഭരണഘടനയിലെ ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നേതാക്കള്‍ വിശദീകരണം പോലും ചോദിക്കാതെയാണ് ഏകപക്ഷീയമായി പാര്‍ട്ടിയില്‍ നിന്നും സഖാക്കളെ പുറത്താക്കിയതെന്ന് സി പി ഐ എം തൃക്കാക്കര ഏരിയാ കമ്മിറ്റി യില്‍ നിന്നും പുറത്താക്കിയ വി.പി. ചന്ദ്രന് ആരോപിച്ചു.
തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിനായി ഉന്നയിച്ച ഒരു ആരോപണം വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ക്രമക്കേടായിരുന്നു. പഴയ പത്രങ്ങള്‍ തുടങ്ങിയ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വയനാട് ഫണ്ട് ശേഖരിക്കാന്‍ വേണ്ടി കൊച്ചി കോര്പ്പറേഷന് സി പി എം കൗണ്‍സിലര്‍ ഡോ: ശൈലജ ചെയര്‍പേഴ്സനായ സമിതിയുടെ സംരഭമാണിത്. ഇതില്‍ ഒരു പൊതു പ്രവര്ത്തകന് എന്ന നിലയില്‍ സഹകരിച്ചു എന്നത് മാത്രമാണ് എനിക്കുള്ള ബന്ധം.
ആക്രിവില്പ്പനയുമായി ബന്ധപ്പെട്ട് ഞാന്‍ നേരിട്ട് ബന്ധപ്പെട്ടില്ലെന്ന് തെളിവുസഹിതം പൊതുജനസമക്ഷം അവതരിപ്പിച്ചതോടെ നേതാക്കള്‍ ആക്കാര്യങ്ങളെല്ലാം വിഴുങ്ങുകയായിരുന്നു. നട്ടാല്‍ മുളയ്ക്കാത്ത ആരോപണങ്ങള്‍ ഒന്നും വിലപ്പോവാതെ വന്നതോടെ പുതിയ ആരോപണങ്ങള്‍ നിര്‍മ്മിക്കുകയാണ് നേതൃത്വം.
പൂണിത്തുറയിലെചില സഖാക്കളുടെ നിയമ വിരുദ്ധ ഇടപാടുകളും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചുണ്ടിക്കാണിച്ചപ്പോള്‍ അവരോട് സഹകരിച്ചുപോകണമെന്നായിരുന്നു ജില്ലാ സെക്രട്ടറി നേരിട്ട് നിര്‍ദ്ദേശിച്ചത്.
ജില്ലാ സെക്രട്ടറിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളവര്‍ എന്ത് തെറ്റു ചെയ്താലും ആ തെറ്റുകളെല്ലാം മൂടിവെച്ച് അവരെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. പൂണിത്തുറയിലെ സാധാരണ പ്രവര്‍ത്തകരുടെ നിരവധി പരാതിയിന്മേല് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയിലെ വിധവയും ക്യാന്‍സര്‍ രോഗിയുമായ അംഗത്തിന്റെ വീട് വില്പനയുമായി ബന്ധപ്പെട്ട ഇടനിലക്കാരനായി നിന്ന് കമ്മിഷന് വാങ്ങിയ ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് ജില്ലാ സെക്രട്ടറിക്ക് ഇപ്പോള്‍ പ്രിയപ്പെട്ടവര്‍. ഇത്തരം അനീതി ചൂണ്ടിക്കാണിച്ചവരെ പാര്‍ട്ടി വിരുദ്ധരായി മുദ്രകുത്തി പുറത്താക്കുന്നു.
സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ച പരാതികള്‍ അത് അന്വേഷിച്ച് പരിഹരിക്കുന്നതായി ജില്ലാ കമ്മിറ്റിക്ക് നല്കിയാല് തങ്ങള്‍ക്ക് വ്യക്തിപരമായി ഇഷ്ടമുള്ളവര്ക്കെതിരാണെങ്കില് പരാതി പലപ്പോഴും അപ്രത്യക്ഷമാകുന്നു. പൂണിത്തുറയിലെ ഇരുവിഭാഗം സഖാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷം കലുഷിതമാക്കിയത് ജില്ലാ സെക്രട്ടറിയുടെ അപക്വമായ ഇടപെടലുകള്‍ ആണ്.
പാര്‍ട്ടിയുടെ മുതിര്‍ന്ന സഖാക്കളായ കെ.കെ ബാബുവിനേയും, സുരേഷ് ബാബുവിനേയും ഡി വൈ എഫ് ഐ തൃക്കാക്കര ബ്ലോക്ക് നേതാക്കളായ കെ. എസ് സനീഷിനേയും, കെ.ബി സൂരജിനേയും, സൂരജ് ബാബു വിനേയും,ബൈജുവിനേയും, സൂനിലിനേയും അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യു വാന്‍ നിര്‍ദ്ദേശം കൊടുത്തത് ആരാണ്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള നിസ്സാര വിഷയം പറഞ്ഞ് തീര്‍ക്കേണ്ടതിന് പകരം അത് പെരുപ്പിച്ച് ഒരു വിഭാഗത്തെ ജയിലിലടച്ച നടപടി പാര്‍ട്ടി സെക്രട്ടറിക്ക് യോജിച്ചതാണോയെന്ന് ചിന്തിക്കണം. ഇടതുപക്ഷത്തിന് ഏറെ അടിത്തറയുള്ള പൂണിത്തുറ ലോക്കല്‍ സമ്മേളനം നടത്താന്‍ പോലും കഴിയാത്തതും, ലോക്കല്‍കമ്മിറ്റി പിരിച്ചു വിടേണ്ടി വന്നതും ഗുരുതരമായ സംഘടന വീഴ്ച്ചയാണ്. ഇത് സൃഷ്ടിച്ചതിന്റ ഉത്തരവാദിത്വത്തില്‍ നിന്ന് ജില്ലാ സെക്രട്ടറിക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലന്ന് വിപി ചന്ദ്രന് ചൂണ്ടിക്കാട്ടി.