ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടാല്‍ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍ടിഒ, സബ് ആര്‍ടിഒ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്കി ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി.
അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അതാത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാര്‍ജ് കൂടി ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കണം.
അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാര് സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ അപകടത്തില്‍പ്പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.
1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 146, 196 എന്നിവ പ്രകാരവും കെഎംവിആര്‍ 391 എ പ്രകാരവും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണിത്. ഇതിനായി രേഖാമൂലം തന്നെ ആര്‍ടിഒ നടപടികള്‍ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജു സര്‍ക്കുലറില്‍ പറയുന്നു.