ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദി മാസാചരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആര് എന്‍ രവി. ചെന്നൈ ദൂരദര്‍ശന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഹിന്ദി മാസാചരണം സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.
ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദിയെ സര്‍ക്കാര്‍ മൂന്നാം ഭാഷയായി പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ഹിന്ദി മാസാചാരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. ദൂരദര്‍ശന്റെ ഓഫീസിന് മുന്നില്‍ പോലും പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ആര്യനാണോ എന്നായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതികരണം. ഗവര്‍ണര്‍ക്ക് ദ്രാവിഡ അലര്‍ജിയാണ്. ദേശീയ ഗാനത്തില്‍ നിന്നു ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കാന്‍ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
ഗവര്‍ണര്‍ ഹിന്ദി മാസാചരണത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ മനുഷ്യര്‍ക്കിടയിലെ ഐക്യം തകര്‍ക്കാന്‍ നോക്കരുത്. ഭരണഘടനാ പദവിയിലിരുന്നു സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിക്കരുത്. തമിഴ് നാടിന്റെ വികാരത്തെ അവഹേളിക്കുന്ന ഗവര്‍ണറെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചു വിളിക്കണമെന്നും സ്റ്റാലിന് പറഞ്ഞു.