കൊച്ചി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. അതേസമയം കേരളത്തിന് ശാപമായി മാറിയ പിണറായി സര്‍ക്കാരിന് വയനാട്ടിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ നവ്യ ഹരിദാസ് വരെ ത്യാഗം സഹിച്ച് വളര്‍ന്ന നേതാക്കളാണ്. രാഷ്ട്രീയ കുടുംബാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചത് ബിജെപിയാണെന്നും പി കെ കൃഷ്ണദാസം പ്രതികരിച്ചു.
വയനാടിനെ നെഹ്റു കുടുംബം കാണുന്നത് കറവപ്പശുവും കറിവേപ്പിലയും ആയാണ്. എന്നാല്‍ വയനാട്ടിലും എന്‍ഡിഎ നടത്തുന്നത് കുടുംബാധിപത്യത്തിന്റെ വേരറുക്കാനുള്ള പോരാട്ടമാണ്. ചൂരല്‍മല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് കഴിവുകേടും കെടുകാര്യസ്ഥതയുമാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വി ഡി സതീശന് മുഖ്യമന്ത്രിയുടെ ബി ടീമാണ്. മുഖ്യമന്ത്രിക്കെതിരെ ജനരോഷം ഉയരുമ്പോള്‍ വി ഡി സതീശന് കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നുവെന്നും പി കെ ക്യഷ്ണദാസ് പറഞ്ഞു.