ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. ഡല്‍ഹി ആനന്ദ് വിഹാറില്‍ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ല്‍ എത്തി.
പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നില്‍ക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്.
‘തീരെ മോശം’ മുതല്‍ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡല്‍ഹി വീഴുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാല്‍ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ കടന്നിട്ടുണ്ട്.
മലിനീകരണ വിഷയത്തില്‍ കണ്ണടയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെയും പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ കോടതി, എങ്ങനെയാണ് നിങ്ങള്‍ ജനങ്ങളുടെ ജീവന് സംരക്ഷണം നല്കാന് പോകുന്നതെന്ന് കോടതി ആഞ്ഞടിച്ചു.