പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28ന്. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം.
ഇതര ജാതിയില്‍ നിന്ന് മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഹരിത എന്ന യുവതിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് 27 കാരനായ അനീഷിനെ ഡിസംബര്‍ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിനു സമീപത്ത്വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാംപ്രതിയുമാണ്.
പൊലീസ് സ്റ്റേഷനിൽ വെച്ച് ”നിന്നെ 90 ദിവസത്തിനകം കൊലപ്പെടുത്തു”മെന്നായിരുന്നു സുരേഷ് കുമാറും പ്രഭുകുമാറും അനീഷിനെ ഭീഷണിപ്പെടുത്തിയത്. ഇങ്ങനെ പറഞ്ഞ് 88ാം നാള് പ്രതികള്‍ അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു.
കമ്പിപ്പാരകൊണ്ടും വടിവാൾ കൊണ്ടും വെട്ടിയാണ് പ്രതികൾ അനീഷിനെ കൊലപ്പെടുത്തിയത്. പ്രതികൾ 24 മണിക്കൂറിനകം കോയമ്പത്തൂരിൽ നിന്നും പിടിയിലാകുകയും ചെയ്തിരുന്നു. 59 സാക്ഷിമൊഴികളാണ് ഉണ്ടായിരുന്നത്. അനീഷിന്റെ ഭാര്യ ഹരിത ഉൾപ്പെടെ സാക്ഷിമൊഴിയിൽ ഉറച്ചു നിന്നു. കൊലപാതകത്തില്‍ രണ്ട് ദൃക്സാക്ഷികളുമുണ്ടായിരുന്നു.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പരിഗണിച്ച ശേഷമായിരിക്കും 28 തിങ്കളാഴ്ച കോടതി ശിക്ഷവിധി പ്രഖ്യാപിക്കുക.