പാലക്കാട്: കമ്മ്യൂണിസം അധംപതനത്തിന്റെ പാതയിലാണെന്നും സംസ്ഥാനത്ത് സിപിഎം ബിജെപിക്ക് വഴിയൊരുക്കുന്ന സംവിധാനമായി മാറിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനുവേണ്ടി നടത്തപ്പെട്ട കോട്ടമൈതാനത്തെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർഭരണത്തിന്റെ അഹന്ത സിപിഎമ്മിനെ ജനമനസ്സുകളിൽ നിന്നും അകറ്റിയിരിക്കുകയാണ്. ഒരു സർക്കാർ എന്ത് ആകരുത് എന്നതിന്റെ ഉദാഹരണമാണ് പിണറായി സർക്കാർ. ജനങ്ങളെ ഇത്രത്തോളം ദ്രോഹിച്ച ഒരു ഭരണകൂടവും ഉണ്ടായിട്ടില്ല. ഇവന്റ് മാനേജ്മെന്റ് ടീമുകളും പി ആർ സംവിധാനങ്ങളുമാണ് ഈ സർക്കാരിനെ നയിക്കുന്നത്. നാടിന്റെ ഐക്യത്തെയും അഖണ്ഡതയേയും പോലും സംഘപരിവാറിന് വേണ്ടി തകർക്കുവാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് സിപിഎമ്മാണ്. തൃശ്ശൂർ പൂരം കലക്കിയത് തന്നെ ബിജെപിക്ക് വേണ്ടിയുള്ള ക്വട്ടേഷൻ ആയിരുന്നു. പൂരം കലക്കുവാൻ സർക്കാരിന്റെ ഭാഗമായിട്ടുള്ള പൊലീസ് തന്നെ നേതൃത്വം നൽകി. പിണറായി ഭരണത്തിൽ മാത്രമേ ഇതൊക്കെ നടക്കൂ. ഒട്ടേറെ കർഷക സമരങ്ങൾക്കും പോരാട്ടങ്ങൾക്കും നേതൃത്വം വഹിച്ച മണ്ണാണ് പാലക്കാടിന്റേത്. ആ പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും കൃത്യമായ പങ്കുണ്ട്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നവർ പോലും പിണറായി സർക്കാരിന്റെ പതനം ആഗ്രഹിക്കുന്നവരാണ്. ജനങ്ങളെ പരിഹസ്യരാക്കി മുന്നോട്ടുപോകുന്ന ഈ സർക്കാർ അധികം നാൾ മുന്നോട്ട് പോകില്ല. വരുന്ന ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്കുള്ള സുവർണ്ണ അവസരമാണ്. സർക്കാരുകൾക്കെതിരായ ശക്തമായ പ്രതിഷേധം ഉറപ്പായും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. പാലക്കാട് ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ നാടാണ്. എല്ലാ വിഭാഗം ജനങ്ങളും ഒരേ മനസ്സോടെ വസിക്കുന്ന ഇടമാണിത്. ഇവിടെ മനുഷ്യരെ പരസ്പരം തമ്മിലടിപ്പിച്ച് വിജയം നേടാൻ കഴിയുമെന്ന് ബിജെപി കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ്. ഉത്തരം ശ്രമങ്ങളെ ഈ ജനത പരാജയപ്പെടുത്തുക തന്നെ ചെയ്യും. വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചും പ്രശ്നങ്ങൾ സൃഷ്ടിച്ചും തങ്ങൾക്കൊപ്പം നിർത്താമെന്ന് ബിജെപി കരുതുന്നതും, അതിന് സിപിഎം വഴിയൊരുക്കുന്നതും ഈ നാട്ടിൽ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി കെ ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറിമാരായ പി സി വിഷ്ണുനാഥ് എംഎൽഎ, പി വി മോഹനൻ, എംപിമാരായ ബെന്നി ബഹനാൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ജെബി മേത്തർ, എംഎൽഎമാരായ മോൻസ് ജോസഫ്, എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, അൻവർ സാദത്ത്, നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ടി യു രാധാകൃഷ്ണൻ, അബ്ദുൽ മുത്തലിബ്, കെ എ തുളസി, എം ലിജു, പി കെ ഫിറോസ്, സുരേഷ് വേലായുധൻ, രാജേന്ദ്രൻ നായർ, പി കലാധരൻ, ശിവാനന്ദൻ, എ തങ്കപ്പൻ, മരയ്ക്കാർ മാരായമംഗലം തുടങ്ങിയവർ സംസാരിച്ചു.