തിരുവനന്തപുരം : എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന സംസ്ഥാന സർക്കാറിന്റെ പരമോന്നത പുരസ്കാരമാണിത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
രാഷ്ട്രീയവും മനുഷ്യബന്ധങ്ങളും പ്രാദേശികതയുടെ തനതു സൗന്ദര്യവുമെല്ലാം എൻ.എസ്. മാധവന്റെ രചനകളെ വേറിട്ടുനിർത്തുന്നു. ‘ശിശു’ മുതൽ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ രചനാജീവിതം മലയാള ചെറുകഥയുടെ ഭാവുകത്വപരിണാമത്തെ നിർണ്ണയിക്കുകയും നിർവ്വചിക്കുകയും ചെയ്തിട്ടുണ്ടാകണം. – സജി ചെറിയാൻ പറഞ്ഞു.
1948 -ൽ എറണാകുളത്ത് ജനിച്ച എൻ. എസ്. മാധവൻ മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കേരള സർവകലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, മുട്ടത്തുവർക്കി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം തുടങ്ങിയ അവാർഡുകലും ലഭിച്ചിട്ടുണ്ട്.