കൊച്ചി: വിവാഹബന്ധം നിയമപരമല്ലെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവോ ഭര്‍തൃബന്ധുക്കളോ ഉപദ്രവിക്കുന്നതു മാത്രമാണ് ഗാര്‍ഹിക പീഡന നിയമ വ്യവസ്ഥയുടെ നിര്‍വചനത്തില്‍ വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസും റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിരീക്ഷണം. നിയമപ്രകാരമുള്ള വിവാഹമല്ല നടന്നതെങ്കില്‍ ഗാര്‍ഹിക പീഡനത്തിന് സ്ത്രീയുടെ പരാതിയില്‍ പങ്കാളിക്കെതിരെയോ, പങ്കാളിയുടെ ബന്ധുക്കള്‍ക്ക് എതിരെയോ കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി.
ആദ്യ വിവാഹബന്ധം വേര്‍പെടുത്താതെ ഹര്‍ജിക്കാരനും യുവതിയും 2009-ല്‍ ഒന്നിച്ച് താമസിച്ചു തുടങ്ങുകയായിരുന്നു. ഒരുമിച്ചു ജീവിച്ച കാലഘട്ടത്തില്‍ ഹര്ജിക്കാരന് ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.
എന്നാല്‍ ആദ്യ ബന്ധം വേര്‍പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013ല്‍ കുടുംബകോടതിയുടെ വിധി വന്നു. ഭര്‍ത്താവല്ലാത്ത തനിക്കെതിരേ ഈ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. യുവാവിന്റെ വാദം കോടതി ശരിവെച്ച് കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കി.