പാലക്കാട്: തെരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് പാലക്കാട് കോണ്‍ഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജന്‍സി എന്ന ഹോട്ടലിലായിരുന്നു പരിശോധന നടന്നത്.
ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എഎസ്പി അശ്വതി ജിജി പറഞ്ഞു. വികെ ശ്രീകണ്ഠന്, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയ നേതാക്കള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി പൊലീസ് പരിശോധന നടത്തിയത്.
വനിതാ പൊലീസ് ഇല്ലാതെ റൂമില്‍ പോലിസ് ഇരച്ചു കയറിയെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. ആദ്യ ഘട്ടത്തില്‍ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാല്‍ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എന്നിവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം.
അതേസമയം തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എഎസ്പി പറഞ്ഞു.സാധാരണ നടക്കുന്ന പതിവ് പരിശോധനയാണ് ഇതെന്നും ആരുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധന അല്ല ഇതെന്നുമാണ് എഎസ്പി പറഞ്ഞത്.
പരിശോധനയില്‍ ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.