പാലക്കാട് കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നിരിക്കുന്ന കള്ളപ്പണ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പാലക്കാട് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് പാലക്കാട് കെപിഎം ഹോട്ടലിലെ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പൊലീസ് റെയ്ഡ് നടത്തിയത്. കോണ്‍ഗ്രസ് കള്ളപ്പണ ഇടപാട് നടത്തുന്നെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നതെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടേയും കളക്ടറുടേയും വിശദീകരണം. എന്നാല്‍ സാധാരണ പരിശോധനയെന്നാണ് എഎസ്പി പ്രതികരിച്ചത്. അതേസമയം, റെയ്ഡ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല. തങ്ങളെ അറിയിച്ചാലല്ലേ വരാന്‍ പറ്റു എന്നാണ് എഡിഎം ഉള്‍പ്പെടെ ചോദിച്ചതെന്ന് സംഭവദിവസം ഷാഫി പറമ്പില്‍ എംപി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ നടന്ന പാതിരാ റെയ്ഡില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പൊലീസിനെ സിപിഐഎം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
വനിതാ പൊലീസുകാര്‍ ഇല്ലാതെ വനിതാ നേതാക്കളുടെ മുറികളില്‍ പൊലീസ് പരിശോധനയ്ക്കെത്തിയത് വന്‍വിവാദമായിരുന്നു.