സാധാരണ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ ദിനത്തിലാണ് പെട്ടി പൊട്ടുക. എന്നാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇപ്പൊഴേ പെട്ടി പൊട്ടിയിരിക്കുകയാണ്. നീലപ്പെട്ടിയാണ് ഇവിടെ കഴിഞ്ഞ ദിവസം പൊട്ടിയത്, അത് പൊട്ടിക്കൊണ്ടേ ഇരിക്കുകയാണ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി ഉടലെടുത്ത കള്ളപ്പണവിവാദം ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും സജീവ ചര്‍ച്ചാവിഷയമാക്കുകയാണ്.
സിപിഐഎമ്മും ബിജെപിയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കള്ളപ്പണം ഒഴുക്കിയെന്ന ആരോപണം ഉന്നയിച്ച് പ്രചരണരംഗം ചൂടാക്കാനാണ് തീരുമാനം. മറുവശത്ത് ആരോപണം സിപിഐഎം-ബിജെപി ഗൂഢാലോചനയെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. സത്യത്തില്‍ കള്ളപ്പണ ആരോപണവും റെയ്ഡും കോണ്‍ഗ്രസിനെയാണ് പ്രതിരോധത്തിലാക്കേണ്ടിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇത് തിരിച്ചടിയായിരിക്കുന്നത് സിപിഐഎമ്മിനാണ്. വിഷയത്തില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായം ഉണ്ടെന്നാണ് സംസാരം. ഒപ്പം നിലവിലെ സ്ഥാനാര്‍ത്ഥി സരിന്റെ അഭിപ്രായവും, അങ്ങനെ മൊത്തം മൂന്ന്. ഓപ്പറേഷന് പാളിപ്പോയെന്ന് ഒരു വിഭാഗവും എടുത്തുചാട്ടം ബിജെപിക്ക് ഗണമുണ്ടാക്കിയെന്ന വിചാരം മറ്റൊരു വിഭാഗത്തിനുമുണ്ട്.
ഇതില്‍ നിന്നെല്ലാം വിഭിന്നമായി റെയ്ഡ് ഓപ്പറേഷന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ ബുദ്ധിയെന്നാണ് സ്ഥാനാര്‍ത്ഥി സരിന്റെ പക്ഷം. അപ്പൊ ഷാഫി വിരിച്ച വലയില്‍ സിപിഐഎം ഒന്നടങ്കം വീണെന്നാണോ സരിന് പറയുന്നത്. എന്തായാലും ഈ നിലപാടിന് പാര്‍ട്ടിയുടെ അംഗീകാരമില്ല.
റെയ്ഡ് വിവരം ചോര്‍ത്തി പൊലീസ് കോണ്‍ഗ്രസിനെ സഹായിച്ചെന്നാണ് ബിജെപിയുടെ ആരോപണം. കെപിഎം ഹോട്ടലില്‍ കള്ളപ്പണം വന്നെന്നത് പകല്‍പോലെ വ്യക്തമെന്നാണ് കെ സുരേന്ദ്രന് പറയുന്നത്. എന്തായാലും കൊടകരയില്‍ കുളിച്ച് നിന്നിരുന്ന ബിജെപിക്ക് കുട പിടിച്ച് കൊടുക്കുന്ന പണിയായി പോയി സിപിഐഎമ്മിന്റേതെന്നാണ് കോണ്‍ഗ്രസിന്റെ തുറന്നുപറച്ചില്‍.
വിവാദം രാഹുല്‍ മാങ്കൂട്ടത്തിലിന് ശുക്രദശയായെന്ന കെ സുധാകരന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസമാണ് കാണുന്നത്. സംഭവം പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വനിതാ നേതാക്കളെ അര്‍ദ്ധരാത്രിയില്‍ റെയ്ഡിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചത് ഇനിയുള്ള പ്രചരണത്തില്‍ ആയുധമാക്കും.
നീല ട്രോളി ബാഗ് പരസ്പരം ട്രോളാന്‍ ഉപയോഗിക്കുകയാണ് കോണ്‍ഗ്രസും സിപിഐഎമ്മും. കോട്ടമൈതാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിനും സുഹൃത്തുക്കളും നീല ട്രോളിബാഗും ചാക്കുകെട്ടുമായി എത്തി പ്രതീകാത്മക സമരം നടത്തി. ഇതിന് ട്രോളി ബാഗുകൊണ്ട് തന്നെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസിന്റെയും തീരുമാനം.
അര്‍ദ്ധരാത്രിയിലെ സിപിഐഎമ്മിന്റെയും ബിജെപിയുടേയും ഒന്നിച്ചുള്ള പ്രതിഷേധം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇരുപാര്‍ട്ടികളും തമ്മിലുള്ള അന്തര്‍ധാര തുറന്ന് കാട്ടാനാണ് കോണ്‍ഗ്രസ് നീക്കം.
അപ്രതീക്ഷിതമായി ഉണ്ടായ ഈ വിവാദം ഉപതെരഞ്ഞെടുപ്പില്‍ ആരെ രക്ഷിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. മൂന്ന് മുന്നണികള്‍ക്കും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള വക വിവാദത്തിലുണ്ടെന്നതാണ് രസകരമായ കാര്യം.