കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുഴുവരിച്ച കിറ്റ് നൽകിയത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് റവന്യു മന്ത്രി കെ.രാജൻ. ഇതിനുമുൻപ് സെപ്തംബർ ഒൻപതിനാണ് ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. അന്ന് കൊടുത്ത കിറ്റുകൾ വിതരണം ചെയ്യാതെ ഇപ്പോൾ നൽകിയതാണോയെന്ന് പരിശോധിക്കുമെന്നും കെ.രാജൻ പറഞ്ഞു.
വിതരണം ചെയ്ത അരി സംസ്ഥാന സർക്കാർ കൊടുത്തതല്ലെന്നും റവന്യു മന്ത്രി കെ.രാജൻ. ചാക്കിലാണ് സംസ്ഥാന സർക്കാർ അരി കൊടുത്തതെന്നും ഇതിനൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കൾ നൽകിയിരുന്നില്ലെന്നും കെ.രാജൻ വിശദീകരിച്ചു.
ഒൻപത് പഞ്ചായത്തുകളിൽ സംസ്ഥാന സർക്കാർ അരി നൽകിയിട്ടുണ്ട്. ഇതിൽ മേപ്പാടിയിൽ മാത്രമാണ് പ്രശ്നമുണ്ടായിരിക്കുന്നത്.– കെ.രാജൻ പറഞ്ഞു.
അരി വിതരണം ചെയ്തത് സംബന്ധിക്കുന്ന എല്ലാ രേഖകളും റവന്യു വകുപ്പിന്റെ കൈവശമുണ്ട്. ആരാണ് അരി വിതരണം ചെയ്തതെന്ന് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൃത്യമായ വിവരങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.