റിയാദ്: ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ അനുവദിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീം. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാന്‍ സമ്മതിക്കാതിരുന്നതെന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ റഹീം പറഞ്ഞു. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ ലക്ഷണമുണ്ടായെന്നും റഹീം പറഞ്ഞു.
18 വര്‍ഷമായി ഞാന്‍ ജയിലില്‍ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളില്‍ വെച്ച് ജയില്‍ യൂണിഫോമില്‍ കണ്ടിട്ടില്ല. ഫോണില്‍ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ തന്റെ നിലവിലെ രൂപം കണ്ടിട്ടിട്ടില്ലെന്നും ഉമ്മയുടെ മനസില്‍ ഇന്നും 18 വര്‍ഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മുഖമാണെന്നും റഹീം പറഞ്ഞു. ആ രൂപം അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റഹീം പറഞ്ഞു.
”ഞാന്‍ ജയിലില്‍ ഉമ്മയെ കാണുമ്പോള്‍ എനിക്കും ഉമ്മക്കും അത് താങ്ങാവുന്നതിലപ്പുറമുള്ള വേദനയുണ്ടാക്കും. പ്രായം ചെന്ന ഉമ്മക്കും രക്തമ്മര്‍ദം ഉള്‍പ്പെടെ രോഗങ്ങളുള്ള എനിക്കും കൂടിക്കാഴ്ച പ്രശ്നങ്ങളുണ്ടാക്കും.
ഒടുവില്‍ ഉമ്മയുടെ നിര്‍ബന്ധം കൊണ്ട് ഞാന്‍ വീഡിയോ കോളില്‍ കണ്ടു. അത് പോലും എനിക്ക് മാനസിക പ്രയാസമുണ്ടാക്കി”. ഉമ്മയുമായുള്ള കൂടിക്കാഴ്ച നടക്കാത്തതില്‍ ഒരാള്‍ക്കും പങ്കില്ലെന്നും റഹീം സുഹൃത്തുക്കളോട് പറഞ്ഞു.