ന്യൂഡല്‍ഹി: അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീം കോടതി. ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകര്‍ ആര് എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്ഥാപിച്ചുവെന്നത് കൊണ്ട് ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നില്ലെന്നും വിധിയില്‍ പറഞ്ഞു.
1967ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച കേസിലെ വിധിയാണ് ഏഴംഗ ബെഞ്ച് റദ്ദാക്കിയത്. ബെഞ്ചിലെ നാല് പേര് സര്‍വ്വകാലശാലയുടെ ന്യൂനപക്ഷ പദവിയെ അനുകൂലിച്ചപ്പോള്‍ മൂന്ന് പേര് ഭിന്ന വിധിയെഴുതി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാര്‍ഗരേഖ സുപ്രീം കോടതി പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷ സര്‍വകലാശാലയാണോ എന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത്.