സുൽത്താൻ ബത്തേരി: ‘ഐ ലവ് യു വയനാട്’ എന്നെഴുതിയ വെള്ള ടീഷർട്ട് ധരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വരവ്. തന്റെ ഹൃദയം നിറയെ വയനാടാണെന്ന് പറഞ്ഞ രാഹുൽ താൻ വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കുമെന്നും പറഞ്ഞു. വയനാടിനോടും തന്റെ സഹോദരിയോടുമുള്ള സ്നേഹത്തെക്കുറിച്ച് പറഞ്ഞു വൈകാരികമായാണ് രാഹുൽഗാന്ധി സംസാരിച്ചത്.
വയനാടിന് തന്റെ കുഞ്ഞനുജത്തിയെ നൽകുകയാണെന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധിക്ക് രാഹുൽഗാന്ധി ചുംബനവും നൽകി. വയനാട്ടിൽ വന്നതിന് ശേഷമാണ് ഞാൻ ആദ്യമായി രാഷ്ട്രീയത്തിൽ സ്നേഹം എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. വയനാട്ടിലെ ജനങ്ങൾ കളങ്കമില്ലാത്ത സ്നേഹം നൽകാൻ തുടങ്ങിയപ്പോൾ എന്റെ രാഷ്ട്രീയ വീക്ഷണം തന്നെ മാറുകയായിരുന്നു.
ദേഷ്യത്തെയും വിദ്വേഷത്തേയും വെറുപ്പിനെയും മറികടക്കാൻ ഒരേയൊരു മാർഗം സ്നേഹവും ഇഷ്ടവുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് വയനാട് നൽകിയ പരിഗണനയിൽ നിന്നാണ്. രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഞാൻ സ്നേഹമെന്ന വാക്ക് മുൻപ് ഉപയോഗിച്ചിരുന്നില്ല. എന്നാൽ വയനാട്ടിലെ ജനങ്ങളാണ് രാഷ്ട്രീയത്തിൽ അതിന് വലിയ പ്രാധാന്യമുണ്ടെന്ന് എന്നെ പഠിപ്പിച്ചത്.
അതുകൊണ്ടാണ് ഞാൻ ഈ ടീഷർട്ട് ധരിച്ചത്. വയനാട്ടുകാർ എന്റെ ഹൃദയത്തിൽ വലിയ ഇടമാണ് നേടിയിട്ടുള്ളത്. അത് രാഷ്ട്രീയത്തിനപ്പുറമാണ്. ഞാൻ വയനാടിന്റെ അനൗദ്യോഗിക ജനപ്രതിനിധിയാണ്.
ലോകത്ത് ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി വയനാടിനെ മാറ്റണമെന്ന വെല്ലുവിളി ഞാൻ പ്രിയങ്കയ്ക്ക് നൽകുകയാണ്. കേരളം എന്ന് കേൾക്കുമ്പോൾ വയനാട് ആയിരിക്കണം ആദ്യം ആളുകൾക്ക് ഓർമ്മ വരേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.