പാലക്കാട്: കർഷകരോടുള്ള അവഗണനയും, നെല്ലിന്റെ സംഭരണ വില വർധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് കർഷകമോർച്ച സംഘടിപ്പിച്ച ട്രാക്ടർ റാലി സംസ്ഥാന സർക്കാരിനുള്ള താക്കീതായി. നൂറോളം ട്രാക്ടറുകളുടെ അകമ്പടിയോടെ കണ്ണാടി പാത്തിക്കലിൽ നിന്നാരംഭിച്ച റാലി കർഷകനും സിനിമ താരവുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ 27 ലക്ഷം കർഷകർക്ക് കേന്ദ്രസർക്കാരിന്റെ കിസാൻ സമ്മാൻ നിധിയിലൂടെ സഹായം ലഭിക്കുമ്പോൾ, സംസ്ഥാന സർക്കാരിൽ നിന്ന് സാമൂഹ്യ പെൻഷൻ ലഭിക്കാനായി പിച്ചച്ചട്ടിയെടുത്ത് നടക്കേണ്ട ഗതികേടാണെന്ന് റാലി ഉദ്ഘാടനം ചെയ്ത കൃഷ്ണപ്രസാദ് പറഞ്ഞു. കേന്ദ്രം ഓരോ വർഷവും നെല്ലിന്റെ സംഭരണവില ഉയർത്തുമ്പോൾ സംസ്ഥാനം അത് വെട്ടിക്കുറയ്ക്കുകയാണ്.
കഴിഞ്ഞ എട്ടുവർഷമായി കർഷകരെ ബുദ്ധിമുട്ടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. കൊയ്തിട്ട നെല്ലെടുക്കാത്ത സപ്ലൈക്കോയും, കൃഷിവകുപ്പും കർഷക ആത്മഹത്യക്ക് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരെ ദ്രോഹിക്കുന്ന സർക്കാരും, അതിന് കൂട്ടുനിൽക്കുന്ന പ്രതിപക്ഷവുമാണ് കേരളത്തിലുളളതെന്ന് പിരായിരി അയ്യപ്പൻകാവ് പരിസരത്ത് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ എൽ ഡി എഫും യു ഡി എഫും കാണിക്കുന്ന വഞ്ചന തുറന്നുകാണിച്ചുകൊണ്ട് എൻ ഡി എ രംഗത്തുണ്ടാവും. അബ്ദുൾ നാസർ മദനിയെ മോചിപ്പിക്കാനും, വഖഫ് ബോർഡ് നിയമ പരിഷ്കാരത്തിനെതിരെയും, കാശ്മീരിൽ 370-ാം വകുപ്പ് എടുത്തുമാറ്റിയതിനും, നിയമസഭയിൽ ഇരുമുന്നണികളും ഐകകണ്ഠ്യേന പ്രമേയം കൊണ്ടുവന്നു. എന്നാൽ, കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന കർഷകർക്ക് വേണ്ടിയോ, അവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടോ ഒരുമിച്ച് നിൽക്കാൻ ഇരുമുന്നണികൾക്കും കഴിഞ്ഞിട്ടുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.
കഴിഞ്ഞ നാലുവർഷത്തിനിടെ കർഷകർക്കായി എത്രകോടിരൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കണം. മോദി സഹായിക്കുന്നില്ലെന്ന് വരുത്തി തീർക്കാൻ പിണറായി വിജയൻ ഇക്കാര്യം മറച്ചുവയ്ക്കും.
ഒരു ക്വിന്റൽ നെല്ലിന് 686 രൂപ അധികമായി കേന്ദ്രം താങ്ങുവില നൽകി. 10 കൊല്ലം യുപിഎ ഭരിച്ചവർ എന്തുചെയ്തുവെന്നും, മോദി സർക്കാർ വന്നതിന് ശേഷം എന്ത് ലഭിച്ചുവെന്നും കർഷകർക്കറിയാം. കേന്ദ്രം നൽകുന്ന തുക പിടിച്ചുവെച്ച് സംസ്ഥാന സർക്കാർ കർഷകരെ കൊണ്ട് വായ്പയെടുപ്പിക്കുകയാണ്. സർക്കാർ പണം തിരിച്ചടയ്ക്കാത്തത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒരക്ഷരം മിണ്ടുന്നില്ല.
പാലക്കാട് ഉൾപ്പെടെ നിരവധി കർഷകർ ആത്മഹത്യ ചെയ്തിട്ടും ഒരു അടിയന്തര പ്രമേയം പോലും അവതരിപ്പിക്കാത്തവരാണ് വി.ഡി. സതീശനും, ഷാഫിപറമ്പിലും. കേന്ദ്രം താങ്ങുവില വർധിപ്പിക്കുമ്പോൾ അതിനനുസരിച്ച് സംസ്ഥാനങ്ങളും വർധിപ്പിക്കുന്നു. എന്നാൽ കേരളത്തിൽ നേരെ കുറയ്ക്കുകയാണ് ചെയ്തത്.
ബിജെപി പ്രതിനിധി പാലക്കാട് നിന്ന് നിയമസഭയിലെത്തിയാൽ ഇരു മുന്നണികളുടെയും ഐക്യകണ്ഠ്യേനയുള്ള പ്രമേയ അവതരണ പരിപാടി ഉണ്ടാവില്ലെന്നും, യഥാർത്ഥ കർഷക പ്രതിനിധിയായിരിക്കും സി. കൃഷ്ണ കുമാറെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കർഷകർക്കൊപ്പം എന്നും നിലകൊണ്ട പ്രസ്ഥാനമാണ് ബി ജെ പിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രൻ പറഞ്ഞു.. നിയമസഭയിൽ ഇടതുവലതു മുന്നികൾ കർഷകർക്ക് വേണ്ടി ശബ്ദിക്കാതിരുന്നപ്പോഴും കർഷകർക്ക് വേണ്ടി സമരപോരാട്ടം നടത്തിയത് ബി ജെ പിയാണ്.
വരാൻപോകുന്ന നാളുകളിൽ എൻഡിഎ മുഖ്യമന്ത്രി കസേരയിലിരിക്കും. അന്ന് കർഷകർക്ക് വേണ്ടി ആദ്യ നയപ്രഖ്യാപനം ഉണ്ടാവും. മനുഷ്യനെ സംരക്ഷിക്കുന്നത് പോലെ മണ്ണിനെ സംരക്ഷിക്കണം. കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. ട്രാക്ടർ റാലി കർഷക ഹൃദയഭൂമിയിലൂടെ സഞ്ചിരിച്ച് പിരായിരി അയ്യപ്പൻക്കാവിൽ സമാപിച്ചു.
എൻ ഡി എ സ്ഥാനാർഥി സി കൃഷ്ണകുമാർ, ബി ജെ പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, സംസ്ഥാന ട്രഷറർ അഡ്വ ഇ കൃഷ്ണദാസ്, സംസ്ഥാന വക്താവ് അഡ്വ ടി പി സിന്ധുമോൾ, ശങ്കു ടി ദാസ്, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ്, കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി രാഘവൻ, വൈസ് പ്രസിഡന്റ് എം.വി.രാമചന്ദ്രൻ, ജില്ലാ അധ്യക്ഷൻ കെ വേണു, ജില്ലാ ജനറൽ സെക്രട്ടറിമാരായ ആർ രമേശ്, കെ സി സുരേഷ്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സിനിമനോജ്, ഭാരവാഹികളായ എസ് ചന്ദ്രശേഖരൻ, എ പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.