ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ എല്ലാ മുന്നണികളും കടുത്ത പിരിമുറുക്കത്തിലാണുള്ളത്. ചേലക്കരയില്‍ വളരെ എളുപ്പത്തില്‍ ജയിക്കാമെന്നായിരുന്നു സി പി ഐ എമ്മിന്റെ കണക്കുകൂട്ടലുകള്‍. എന്നാല്‍ പാര്‍ട്ടിയിലെ പടലപ്പിണക്കവും ഭരണ വിരുദ്ധ വികാരവും വന്‍ തിരിച്ചടിക്ക് വഴിയൊരുക്കിയേക്കുമെന്ന ആശങ്കയിലാണ് അവസാനലാപ്പില്‍ നേതാക്കള്‍.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി സ്വന്തം തട്ടകമായി സൂക്ഷിച്ചിരുന്ന ചേലക്കരയില്‍ തിരിച്ചടിയുണ്ടായാല്‍ അത് സി പി ഐ എമ്മിനെ ആകെ പിടിച്ചുലയ്ക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കനത്ത തിരിച്ചടി കിട്ടിയപ്പോഴും അതൊന്നും മുന്നണിയേയോ, പാര്‍ട്ടിയോ ഒരുതരത്തിലും ബാധിച്ചിരുന്നില്ല.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കാടിളക്കിയുള്ള പ്രചാരണം നടത്തുകയും മന്ത്രിമാരും എം എല്‍ എമാകും ഒരുമിച്ച് വീടുകള്‍ കയറിയിട്ടും വന്‍ തിരിച്ചടിയായിരുന്നു സി പി ഐ എമ്മിനുണ്ടായത്. എന്നാല്‍ തൃക്കാക്കര തങ്ങള്‍ക്ക് ജയിക്കാവുന്ന മണ്ഡലമല്ലെന്നും, പരമ്പരാഗത യു ഡി എഫ് മണ്ഡലമാണെന്നുമുള്ള ന്യായം നിരത്തി സി പി ഐ എം തടിതപ്പി. 99 സീറ്റില്‍ നിന്നും 100 സീറ്റിലേക്ക് എത്തിക്കുമെന്ന വീരവാദം വെറും വാക്കായി പരിണമിക്കുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പുണ്ടായപ്പോഴും ഇതേ വാദവുമായാണ് സി പി ഐ എം ജെയ്ക്ക് എന്ന യുവനേതാവിനെ രംഗത്തിറക്കിയത്. എന്നാല്‍ പുതുപ്പള്ളിയിലെ ഭൂരിപക്ഷം യു ഡി എഫിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. പുതുപ്പള്ളിയില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോഴും പരമ്പരാഗത യു ഡി എഫ് മണ്ഡലമെന്ന സ്ഥിരം പല്ലവി തന്നെ അവര്‍ ആവര്‍ത്തിച്ചു.
ഝാർഖണ്ഡ് നാളെ പോളിങ് ബൂത്തിലേയ്ക്ക്
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ പിടിക്കാന്‍ സി പി ഐ എം നേതൃത്വം രംഗത്തിറക്കിയത് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനെയായിരുന്നു. എല്‍ ഡി എഫ് മന്ത്രിസഭയില്‍ പിണറായി കഴിഞ്ഞാല്‍ രണ്ടാമനായിരുന്നല്ലോ കെ രാധാകൃഷ്ണന്.
ആ രാധാകൃഷ്ണനെ ആലത്തൂരില്‍ മത്സരിപ്പിച്ചു, അദ്ദേഹം വളരെ സ്വാത്വികനും ജനകീയനുമായതിനാല് അവിടെ വിജയിച്ചുകയറി. മറ്റെല്ലാ സീറ്റിലും കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോഴും സി പി ഐ എമ്മിന്റെ മാനം കാത്തത് കെ രാധാകൃഷ്ണനായിരുന്നു.
എന്നാല്‍ ചേലക്കരക്കാര്‍ക്ക് അതൊരു കനത്ത നഷ്ടമായിട്ടാണ് വന്നുഭവിച്ചത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന ജനകീയനായൊരു മന്ത്രിയെ അവര്‍ക്ക് നഷ്ടമായി. ഇത്രയും സീനിയറായൊരു നേതാവിനെ എന്തിനാണ് പാര്‍ലമെന്റിന്റെ ഒരു മൂലയില്‍ കൊണ്ടുപോയി ഇരുത്തിയതെന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് പോലും ഉത്തരമില്ല.
പാലക്കാടായിരുന്നല്ലോ സി പി ഐ എമ്മിന്റെ നേതാക്കളെല്ലാം തമ്പടിച്ചിരുന്നത്. വിജയ പ്രതീക്ഷ തീരെയില്ലാത്ത പാലക്കാട്, സ്വന്തം സ്ഥാനാര്‍ത്ഥിയെ പോലും പരിഗണിക്കാതെ കോണ്‍ഗ്രസില്‍ നിന്നും ചാടിവന്ന ഒരാളെ സ്ഥാനാര്‍ത്ഥിയാക്കി, ഒരു പരീക്ഷണത്തിന് മുതിരുമ്പോഴും ചേലക്കരയിലെ യഥാര്‍ത്ഥ രാഷ്ട്രീയ കാലാവസ്ഥ അവര്‍ മൂടിവെച്ചു.
പാലക്കാട് നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കായിരുന്നു സി പി ഐ എം പ്രധാന്യം നല്‍കിയത്. ഒരു നീല പെട്ടിക്ക് പിന്നാലെ ദിവസങ്ങളോളം ഓടിയത് എന്തിനെന്ന ചോദ്യവുമായി പാലക്കാട്ടെ പ്രമുഖ നേതാവായ കൃഷ്ണദാസിന് പരസ്യമായ നിലപാട് സ്വീകരിക്കേണ്ടിവന്നു.
ചേലക്കരയില്‍ സി പി ഐ യും കടുത്ത പ്രതിഷേധത്തില്‍ തന്നെയാണുള്ളത്. പൂരം കലക്കി തൃശ്ശൂര്‍ സീറ്റ് ബി ജെ പിയുടെ ഉള്ളം കൈയ്യില്‍ വച്ചുകൊടുത്തത് ആരാണ് എന്ന ചോദ്യത്തിന് ഇതുവരെ ആരും ഉത്തരം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഇപ്പോഴും സംശയത്തിന്റെ നിഴലിലാണല്ലോ. സി പി ഐക്ക് അത്യാവശ്യം വേരോട്ടമുള്ള മണ്ണാണ് ചേലക്കരയെന്ന സത്യം സി പി ഐ എമ്മിനും അറിയാം.
ചേലക്കരയില്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയും സി പി ഐ എമ്മിന് തലവേദന സൃഷ്ടിക്കുമെന്നത് യാഥാര്‍ഥ്യമാണ്. പൂരം കലക്കിയത് എ ഡി ജി പി എം ആര് അജിത് കുമാറിന്റെ ആര് എസ് എസ് ബന്ധത്തിന്റെ ഫലമായാണെന്ന് പി വി അന്‍വര്‍ ആരോപിച്ചതോടെയാണ് സി പി ഐ ആരോപണം കടുപ്പിച്ച് രംഗത്തെത്തിയത്.
തൃശ്ശൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി പി ഐ നേതാവ് വി എസ് സുനില്‍ കുമാറിന്റെ ആരോപണങ്ങളിലൊന്നും ആഭ്യന്തര വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. ഇതൊക്കെ തിരിച്ചടിക്ക് ആക്കം കൂട്ടുമെന്ന ഭയത്തിലാണ് സി പി ഐ എം. ഫലത്തില്‍ ചേലക്കരയില്‍ തിരിച്ചടിയുണ്ടായാല്‍ മുഖ്യമന്ത്രിയുടേയും, ഉന്നത സി പി ഐ എം നേതാക്കളുടേയും തലയില്‍ വരുമെന്ന ആശങ്കയാണ് പാര്‍ട്ടിയെ ഇപ്പോള്‍ ഉലയ്ക്കുന്നതും.