സെഞ്ചൂറിയന്‍: മൂന്നാം ടി20 യില്‍ ഉജ്ജ്വല വിജയം നേടി ഇന്ത്യ പരമ്പരയിലേക്ക് ശക്തമായി തിരിച്ച് വന്നു. ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ 11 റണ്‍സിനായിരുന്നു ടീം ഇന്ത്യയുടെ വിജയം. 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 208 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര കൈവിടില്ലെന്ന് ഇന്ത്യ ഉറപ്പിച്ചു. നാളെ നടക്കുന്ന അവസാന മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനും സൂര്യകുമാറിനും സംഘത്തിനും കഴിയും.
തിലക് വര്‍മയെന്ന ഇരുപത്തിരണ്ടുകാരന്റെ കന്നി അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറിയായിരുന്നു ഇന്നലത്തെ മത്സരത്തിന്റെ സവിശേഷത. കഴിഞ്ഞ മത്സരത്തിലേത് പോലെ ഓപ്പണര്‍ സഞ്ജു പൂജ്യത്തിന് പുറത്തായി.
രണ്ട് പന്തുകള്‍ മാത്രം നേരിട്ട് മാര്‍ക്കോ യാന്സന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. തുടര്‍ച്ചയായ രണ്ട് അന്താരാഷ്ട്ര ടി20 സെഞ്ച്വറികള്‍ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് ഡക്കുകള്‍. രണ്ടാം വിക്കറ്റില്‍ തിലകും അഭിഷേകും 56 പന്തില്‍ അടിച്ചെടുത്ത 107 റണ്‍സാണ് നിര്‍ണായകമായത്. അഭിഷേക് 25 പന്തില്‍ 50 റണ്‍സെടുത്ത് പുറത്തായി.
നാലാം നമ്പറിലെത്തിയ നായകന് സൂര്യകുമാര്‍ യാദവ് (1) മുതല്‍ താഴോട്ടുള്ള ആര്‍ക്കും കാര്യമായി സംഭാവന നല്‍കാനായില്ല. വാലറ്റത്ത് ആറ് പന്തില്‍ 15 റണ്‍സടിച്ച അരങ്ങേറ്റക്കാരന്‍ രമണ്‍ദീപ് സിംഗിന്റെ പ്രകടനം സ്കോര്‍ 200 കടക്കാന്‍ സഹായകമായി. 56 പന്തില്‍ 107 റണ്‍സുമായി തിലക് വര്‍മ പുറത്താകാതെ നിന്നു, എട്ട് ഫോറും ഏഴ് സിക്സും നിറഞ്ഞ മനോഹര ഇന്നിംഗ്സ്.
മറുപടി ബാറ്റിംഗില്‍ കൃത്യമായ ഇടവേളകളില്‍ ആതിഥേയരുടെ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. മധ്യനിരയില്‍ 22 പന്തില്‍ 41 റണ്‍സടിച്ച ക്ലാസനും വാലറ്റത്ത് 17 പന്തില്‍ 54 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനും പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും പുറത്തായത് തിരിച്ചടിയായി. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.