ട്വന്റി ട്വന്റി എന്ന് പറഞ്ഞാല്‍ ഇതാവണം. ടോസ് നേടി ബാറ്റിംഗ് എടുക്കുന്നു, തുടക്കം മുതല്‍ ഒടുക്കം വരെ അടി തന്നെ അടി.. 20 ഓവറില്‍ വാരിക്കൂട്ടിയത് 283 റണ്‍സ്, നഷ്ടപ്പെടുത്തിയതോ ഒരു വിക്കറ്റ് മാത്രം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടില്‍ ടീം ഇന്ത്യയുടെ പ്രകടനമാണിത്. എതിരാളികളെ 148 റണ്‍സിന് എറിഞ്ഞിട്ട് 135 റണ്‍സിന്റെ ഉജ്ജ്വല ജയവും പരമ്പരയും സൂര്യകുമാറും സംഘവും സ്വന്തമാക്കി.
തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയോടെ ഇരുപത്തിരണ്ടുകാരനായ തിലക് വര്‍മ, തുടര്‍ച്ചയായ രണ്ട് പൂജ്യത്തിന് ശേഷം തകര്‍പ്പന്‍ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും അടിച്ചെടുത്തത് 86 പന്തില്‍ 210 റണ്‍സ്. ട്വന്റിട്വന്റിയില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ദക്ഷിണാഫ്രിക്കക്കെതിരെ ഏതൊരു വിക്കറ്റിലേയും ഉയര്‍ന്ന സ്കോര്‍.
സഞ്ജു 56 പന്തില്‍ 109 ഉം തിലക് വര്‍മ 47 പന്തില്‍ 120 ഉം റണ്‍സ്. സഞ്ജുവിന്റെ ഇന്നിംഗ്സില്‍ ഒന്‍പത് സിക്സും ആറ് ഫോറും. തിലകിന്റേതില് പത്ത് സിക്സും ഒന്‍പത് ഫോറും. 18 പന്തില്‍ 36 റണ്‍സോടെ പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മയും പറത്തി നാല് സിക്സുകള്‍. ഇന്ത്യ പന്ത് ഗ്യാലറിയില്‍ എത്തിച്ചത് 23 തവണ. ഇതും ഒരു റെക്കോര്‍ഡ്.
സഞ്ജു കരിയറിലെ മൂന്നാമത്തെയും തിലക് രണ്ടാമത്തെയും ടി20 സെഞ്ച്വറിയാണ് ഇന്നലെ കുറിച്ചത്. അഞ്ച് ഇന്നിംഗ്സിനിടെയാണ് സഞ്ജു മൂന്ന് തവണ മൂന്നക്കം കടന്നിരിക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം. ഇങ്ങനെ നീളുന്നു സവിശേഷതകള്‍.
മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആദ്യ മൂന്ന് ഓവറില്‍ തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായി. മധ്യനിരയില്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് (43), ഡേവിഡ് മില്ലര്‍ (36), വാലറ്റത്ത് മാര്‍ക്കോ യാന്സന് (12 പന്തില്‍ 29) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് സ്കോര്‍ 100 കടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്നും വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. തിലക് വര്‍മയാണ് കളിയിലേയും പരമ്പരയിലേയും താരം.