ഇന്ത്യയുടെ ആദ്യത്തെ ദീർഘദൂര ഹൈപ്പർസോണിക് മിസൈലിൻ്റെ പരീക്ഷണം വിജയകരമായി പൂർത്തിയായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സായുധ സേനയ്ക്ക് 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേ ലോഡുകൾ വഹിക്കാൻ കഴിയുന്ന തരത്തിലാണ് ഈ മിസൈലിന്റെ രൂപകൽപ്പന. ഈ നേട്ടത്തോടെ, ഇത്തരം നിർണായകമായ സൈനിക സാങ്കേതികവിദ്യ കൈവശമുള്ള തെരെഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയും ഉൾപ്പെട്ടതായി മന്ത്രി കൂട്ടിച്ചേർത്തു. ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണ വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നേട്ടമാണ്.
ശബ്ദത്തിൻ്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ആയുധങ്ങളാണ് ഹൈപ്പർസോണിക് മിസൈലുകൾ. നവംബർ 16 ശനിയാഴ്ച ഒഡീഷ തീരത്തെ ഡോ എപിജെ അബ്ദുൾ കലാം ദ്വീപിൽ വെച്ചാണ് പരീക്ഷണം നടന്നത് ഹൈദരാബാദിലെ ഡോ എപിജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിലെ ലബോറട്ടറിയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഇന്ത്യയുടെ ഈ മിസൈൽ. മറ്റ് ഡിആർഡിഒ ലബോറട്ടറികളുമായും വ്യവസായ പങ്കാളികളുമായും സഹകരിച്ച് വികസിപ്പിച്ചെടുത്ത മിസൈലിന്റെ പരീക്ഷണം മുതിർന്ന ഡിആർഡിഒ ശാസ്ത്രജ്ഞരുടെയും സായുധ സേനാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്നു.