ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ ഒരുമന്ത്രി യാതൊരു കൂസലുമില്ലാതെ അതേ ഭരണഘടനയെ അവഹേളിക്കുക. അതാണ് 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ കണ്ടത്. അന്ന് സിപിഐഎം ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ മന്ത്രിയായിരുന്ന സജി ചെറിയാന് ഭരണഘടനയ്ക്കെതിരെ നടത്തിയ പ്രസംഗം പ്രാദേശിക മാധ്യമത്തിലൂടെയാണ് പുറത്തുവന്നത്. സിപിഐഎം ജില്ലാ കമ്മറ്റിയുടെ ഫെയ്സ്ബുക്കില്‍ പ്രസംഗം ലൈവായി കൊടുത്തു, വിവാദമാകുന്നത് വരെ ആ വീഡിയോ അതില്‍ നിലനിര്‍ത്തുകയും ചെയ്തു.
‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഞാന്‍ പറയുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വെച്ചിരിക്കുന്നത്. രാജ്യത്തെ ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഒരു ഭരണഘടന എഴുതി വെച്ചിട്ടുണ്ട്.
അതില്‍ കുറച്ച് ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്, മതേതരത്വം ജനാധിപത്യം, കുന്തം, കൊടച്ചക്രം ഒക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷെ കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ്.’ ഇതായിരുന്നു മന്ത്രി പദവിയില്‍ ഇരുന്ന് കൊണ്ട് സജി ചെറിയാന് നടത്തിയ പരാമര്‍ശങ്ങള്‍.
സംഭവം വിവാദമായതോടെ സിപിഐഎമ്മിന്റെ സ്വതസിദ്ധമായ ശൈലിയില്‍ അത് നിഷേധിച്ചു. (ലോകം മുഴുവന്‍ ലൈവായി കണ്ട നിയമസഭയിലെ കൈയ്യാങ്കളി നിഷേധിക്കുന്നത് പോലെ). താന്‍ ഭരണഘടനയെ ഒന്നും പറഞ്ഞിട്ടില്ലെന്ന് യാതൊരു കുലുക്കവും ഇല്ലാതെ സജി ചെറിയാന് പറഞ്ഞു.
കൈയില്‍ നില്‍ക്കില്ലെന്ന് കണ്ടപ്പോള്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തി ഖേദം പ്രകടിപ്പിച്ചു. രാജി വയ്ക്കില്ലെന്ന് വാശിപിടിച്ച സജി ചെറിയാൻ ഒടുവില്‍ നാലാം നാള് പ്രതിപക്ഷ പ്രതിഷേധവും പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദവും നിയമക്കുരുക്കും കണക്കിലെടുത്ത് രാജി വെച്ചൊഴിയേണ്ടി വന്നു.
വിഷയത്തില്‍ കോടതി നിര്‍ദേശപ്രകാരം കേസെടുത്ത പൊലീസ് പക്ഷെ പരമാവധി സജി ചെറിയാനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തി. ഒടുവില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന ആരോപണം നിലനില്‍ക്കില്ല എന്നതായിരുന്നു പൊലീസ് കണ്ടെത്തല്‍. കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചു, സജി കുറ്റവിമുക്തനായി.
ആറ് മാസത്തിന് ശേഷം 2024 ജനുവരി നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, അതേ ഭരണഘടന തൊട്ട് സത്യം ചെയ്തു കൊണ്ട്. തനിക്കെതിരെ നിലവില്‍ കേസൊന്നും ഇല്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം. സജി ചെറിയാന്റെ തിരിച്ചുവരവില്‍ ഗവര്‍ണര്‍ ഉടക്കിടുന്നതും പിന്നീട് സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്കിയതും കേരളം കണ്ടു.
പൊലീസ് റിപ്പോര്‍ട്ട് പാടെ തള്ളി, പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി പുനഃരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തില്‍ പാളിച്ചയുണ്ടായി,
ധൃതി പിടിച്ചാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്, പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പും പരിശോധിച്ചില്ല, സാക്ഷികളായ മാധ്യമപ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തത് തെറ്റ്, ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നിന് മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥന് ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ഇതൊക്കെ കോടതി ചൂണ്ടിക്കാട്ടുന്നു.
‘അമരന്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാര്‍ത്ഥി
കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്നും സത്യസന്ധനായ ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കുന്തം, കുടച്ചക്രം എന്നീ വാക്കുകള്‍ ഉപയോഗിച്ചത് ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സജി ചെറിയാന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം രാജി ആവശ്യമുന്നയിച്ച് കഴിഞ്ഞു. എന്നാല്‍ രാജിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ ഭാഗം കോടതി കേട്ടില്ലെന്നാണ് സജി ചെറിയാന്റെ വാദം. കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളിയല്ലോ എന്ന ചോദ്യത്തിന് താന്‍ കുറ്റക്കാരനെന്ന് കോടതി പറഞ്ഞിട്ടുണ്ടോ എന്നാണ് തിരിച്ചുള്ള ചോദ്യം. മേല്‍ക്കോടതിയെ സമീപിക്കുമെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് മന്ത്രിയുടെ നിലപാട്.