ലോക ടെലിവിഷൻ ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ സ്ട്രീമിംഗ് മേഖലയിലേക്ക് ആദ്യ ചുവടു വച്ച് പ്രസാർ ഭാരതി. സ്വന്തമായി ഒരു ഒ.ടി.ടി. പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതി. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ ഏറ്റവും പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമായ വേവ്സ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ലോഞ്ച് ചെയ്തു.
ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് ഉൾപ്പടെ 12 ഇന്ത്യന്‍ ഭാഷകളിലുള്ള ഉള്ളടക്കവും വിശാലമായ ഓഫറുകളുമാണ് പ്രേക്ഷകർക്കായി വേവ്സ് നൽകുന്നത്. 65-ലധികം തത്സമയ ചാനലുകൾ, സിനിമകൾ, തത്സമയ ഇവന്റുകൾ എന്നിവ സംപ്രേഷണം ചെയ്യും. കൂടാതെ വാര്‍ത്തകൾ, ഡോക്യുമെന്ററി, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, ഗെയിമിങ്, റേഡിയോ സ്ട്രീമിങ്, ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയവയും പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്.
പണ്ട് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം, മഹാഭാരതം, ശക്തിമാന് തുടങ്ങിയ ഹിറ്റ് സീരിയലുകളും സിനിമകളും വേവ്സിലുണ്ടാകും. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന് കി ബാത്ത്’, അയോധ്യയിലെ ശ്രീ രാം ലല്ല ആരതി തുടങ്ങിയ ലൈവ് ഇവന്റുകളും സംപ്രേഷണംചെയ്യും.