ലണ്ടൻ: ബ്രിട്ടന്റെ മുൻ ഉപപ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായിരുന്ന ജോൺ പ്രെസ്കോട്ട് അന്തരിച്ചു. 86ാം വയസ്സിലാണ് അന്ത്യം. മുൻ കച്ചവട നാവികനും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ പ്രെസ്കോട്ട് അന്തരിച്ചുവെന്ന് ഭാര്യ പോളിനാണ് അറിയിച്ചത്.
നാലു പതിറ്റാണ്ടോളം വടക്കൻ ഇംഗ്ലണ്ടിലെ ‘ഹള്ളി’ൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു ഇദ്ദേഹം. ഹൗസ് ഓഫ് ലോർഡ്സിലേക്ക് നിയമിതനായ പ്രെസ്കോട്ടിന് 2019ൽ പക്ഷാഘാതം സംഭവിക്കുകയും അൽഷിമേഴ്സ് ബാധിക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം ജൂലൈയിൽ പാർലമെന്റിന്റെ അപ്പർ ചേംബർ അംഗത്വത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
1997 ൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്യോട്ടോ പ്രോട്ടോക്കോളിനായി ബ്രിട്ടനു വേണ്ടിയുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് പ്രെസ്കോട്ടായിരുന്നു. നിരവധി പ്രമുഖർ പ്രെസ്കോട്ടിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.