തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളി സൗഹൃദ അന്തരീക്ഷമൊരുക്കുന്ന ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിർമാണത്തിന് നാളെ തുടക്കം കുറിക്കും. 2025 മാർച്ചോടെ പൂർത്തിയാകും. അത്യാധുനിക വർക്ക് സ്പേസുകൾ സൃഷ്ടിച്ച് വിദൂര തൊഴിൽ അവസരങ്ങളെ വീടിനടുത്തേക്ക് അടുപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. രാജ്യത്തെ മെട്രോനഗരങ്ങളിൽ ലഭ്യമാകുന്ന തരത്തിലുള്ള മികച്ച തൊഴിൽ സൗകര്യം കേരളത്തിൽ സാധ്യമാക്കുകയാണ്. തൊഴിലാളി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി വിജ്ഞാന സമ്പത്ത് വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകരാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
2025 മാർച്ച് മാസത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന കൊട്ടാരക്കരയിലെ കേന്ദ്രത്തിൽ ഇരുനൂറിലധികം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും. കൊല്ലം ജില്ലയിലെ ആദ്യ പാരിസ്ഥിതിക സൗഹൃദ-ഊർജ സംരക്ഷിത മാതൃകാ കെട്ടിടമെന്ന പ്രത്യേകത കൂടി നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ കെട്ടിടം കൈവരിക്കും.
വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ. ജനകീയവും സർവ്വതലസ്പർശിയുമായ സാമൂഹ്യപുരോഗതിയാണ് നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ആദ്യത്തെ ‘വർക്ക് നിയർ ഹോം’ കൊട്ടാരക്കരയിലും രണ്ടാമത്തേത് പെരിന്തൽമണ്ണയിലും സ്ഥാപിക്കും.