നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടേയും ജാർഖണ്ഡില്‍ ഇന്ത്യാസഖ്യത്തിന്റേയും മുന്നേറ്റം. ആദ്യ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ മഹാരാഷ്ട്രയില്‍ എൻഡിഎ തരംഗം. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന 259 സീറ്റുകളിൽ 211 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്.
ഇതോടെ എൻഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തിക്കഴിഞ്ഞു. ഇന്ത്യാ സഖ്യം 68 സീറ്റുകളിലില്‍ മാത്രമാണ് എത്തിയിരിക്കുന്നത്. എന്നാല്‍ ജാർഖണ്ഡില്‍ ലീഡ് നില പുറത്ത് വന്നു തുടങ്ങുമ്പോൾ 37 സീറ്റുകളില്‍ ഇന്ത്യാസഖ്യം മുന്നേറി നില്‍ക്കുകയാണ്. 22 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് നേടാനായിരിക്കുന്നത്.
മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മുന്നിലാണ്. ബാരാമതിയിൽ അജിതിനെതിരെ നിർത്തിയ ശരദ് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി യുഗേന്ദ്ര പവാർ പിന്നിലായിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ പ്രധാന നേതാക്കൾക്കെല്ലാം ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിലാകും പലപാർട്ടികളുടേയും നിലനിൽപ്പ്.