ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണം ഡിസംബറിൽ നടക്കും. ഹരിയാനയിലെ 90 കിലോമീറ്റർ ജിന്ദ്-സോനിപത് റൂട്ടിലാണ് ട്രയൽ നടക്കുക. കാർബൺ പുറന്തള്ളൽ ഒഴിവാക്കുക എന്ന റെയിൽവേയുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത്. 2030-ഓടെ ഇത് സാധ്യമാകുമെന്നാണ് ഇന്ത്യൻ റെയിൽവേ അഭിപ്രായപ്പെടുന്നത്.
തമിഴ്നാട്ടിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറി നിർമ്മിക്കുന്ന ഈ ട്രെയിൻ മണിക്കൂറിൽ 140 കിലോമീറ്റർ വരെ ഓടുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹൈഡ്രജൻ ഇന്ധന സെല്ലുകളാൽ പ്രവർത്തിക്കുന്ന ഇത് ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെറിയ ജലകണങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും ചെയ്യും. ഇത് ഒരു സീറോ എമിഷൻ ഗതാഗത മാർഗ്ഗമാക്കി മാറ്റും.
ട്രയൽ റൺ വിജയകരമെന്നു തെളിഞ്ഞാൽ, അടുത്ത വർഷം രാജ്യവ്യാപകമായി 35 ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. ഇത് ഇന്ത്യയുടെ ഹരിതവും സുസ്ഥിരവുമായ ഗതാഗത സമീപനത്തിലെ വലിയൊരു മാറ്റത്തെ അടയാളപ്പെടുത്തുന്നു.