ബംഗളൂരു : കർണാടകയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം. കർണാടക ഉറ്റുനോക്കിയ, തിളച്ചു മറിഞ്ഞ പ്രചാരണം നടന്ന ചന്നപട്ടണവും കയ്യടക്കി കോൺഗ്രസ്. കേന്ദ്രമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമി എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലേയ്ക്കായിരുന്നു ചന്നപട്ടണത്ത് മത്സരം.
ഷിഗാവ് മണ്ഡലവും പിടിച്ചെടുത്ത കോൺഗ്രസ്, സന്ദൂർ നിലനിർത്തുകയും ചെയ്തു. ജെ.ഡി.എസിന്റെ കറ്റയേന്തിയ കർഷകസ്ത്രീ ചിഹ്നത്തിൽ മത്സരിച്ച കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ സി.പി യോഗേശ്വർ വിജയിച്ചു.
ബി.ജെ.പിയിൽ നിന്ന് എം.എൽ.സി സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ എത്തിയ യോഗേശ്വറിന്റെ വിജയം എൻ.ഡി.എക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഷിഗാവ് മണ്ഡലത്തിൽ കോൺഗ്രസിന്റെ യാസിർ അഹമ്മദ് ഖാൻ പത്താൻ അട്ടിമറി വിജയം നേടി. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ലോക്സഭ അംഗമായതിനെ തുടർന്ന് എം.എൽ.എ പദവി രാജിവെച്ച ഒഴിവിലാണ് ഷിഗാവിൽ തെരഞ്ഞെടുപ്പ് നടന്നത്.
സന്ദൂർ മണ്ഡലവും കോൺഗ്രസ് നിലനിറുത്തി. കോൺഗ്രസിന്റെ ഇ. തുക്കാറാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് സന്ദൂരിൽ തെരഞ്ഞെടുപ്പ് നടന്നത്.