പെർത്ത് : ഓസ്ട്രേലിയയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം. രണ്ടാം ഇന്നിങ്സിൽ ബാറ്റർമാർ നിറഞ്ഞാടിയപ്പോൾ ഇന്ത്യ ആറ് വിക്കറ്റിന് 487 റൺസ് എടുത്ത് ഡിക്ലെയർ ചെയ്തു. 534 എന്ന താരതമ്യേന അസാധ്യമായ വിജയലക്ഷ്യമാണ് ഓസീസിന് മുന്നിൽ ഇന്ത്യ വെച്ചിരിക്കുന്നത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ മൂന്നാം ദിനം കളി നിർത്തുമ്പോൾ 12 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയുടെ വക്കിൽ ആണ്. രണ്ട് ദിവസത്തെ കളി ശേഷിക്കെ പരാജയം ഒഴിവാക്കുക ഓസീസിന് ശ്രമകരമാണ്.
ഒന്നിന് 172 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ ഡബിൾ സെഞ്ച്വറി കൂട്ടുകെട്ട് തീർത്തു. 201 റൺസിൽ നിൽക്കെ കെ.എൽ രാഹുലിൻ്റെ (77) വിക്കറ്റ് ആണ് ആദ്യം നഷ്ടമായത്. ജയ്സ്വാളും (167) കോഹ്ലിയും(100*) സെഞ്ച്വറി കുറിച്ചപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു.
ഏഴ് ബൗളർമാർ ചേർന്ന് 134.3 ഓവർ എറിഞ്ഞിട്ടും ഓസീസിന് വീഴ്ത്താനായത് ആറ് വിക്കറ്റുകൾ മാത്രം. ഓസ്ട്രേലിയൻ മണ്ണിലെ തൻ്റെ ആദ്യ ടെസ്റ്റിൽ തന്നെ ഉജ്ജ്വല സെഞ്ച്വറി നേടി ജയ്സ്വാൾ മികവ് ആവർത്തിച്ചു. കോഹ്ലി മൂന്നക്കം കടന്നതോടെ ഇന്ത്യ ഡിക്ലയർ ചെയ്തു.
534 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഓസീസിന് സ്കോർ ബോർഡ് തുറക്കും മുൻപ് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ നാഥാൻ മക്സീനെയെ പുറത്താക്കി നായകൻ ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. നൈറ്റ് വാച്ച്മാനായി എത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസിനും (2) അധികം പിടിച്ച് നിൽക്കാൻ.
സിറാജിൻ്റെ പന്തിൽ സ്ലിപ്പിൽ കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് കമ്മിൻസ് മടങ്ങിയത്. പിന്നീടെത്തിയ ഓസീസിൻ്റെ വിശ്വസ്തനായ മാർനസ് ലബൂ ഷെയ്നെയും (3) മടക്കി ബുംറ ഇന്ത്യക്ക് മേൽക്കൈ നൽകി.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ 150 റൺസിന് പുറത്തായ ഇന്ത്യ പിന്നീട് മത്സരത്തിൽ ശക്തമായ തിരിച്ചു വരവ് നടത്തുന്നതാണ് കണ്ടത്. ഓസീസിനെ 104 റൺസിന് പുറത്താക്കി 46 റൺസിൻ്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഓസീസ് ബൗളർമാരെ നിഷ്പ്രഭമാക്കി.
സ്വന്തം മണ്ണിൽ ഒരു ടെസ്റ്റിൽ ഓസ്ട്രേലിയ ഇത്ര വലിയ തിരിച്ചടി സമീപകാലത്ത് നേരിട്ടിട്ടില്ല. സ്മിത്ത് ഉൾപ്പെടെയുള്ള ബാറ്റർമാർ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ കനത്ത പരാജയമാകും പെർത്തിൽ ഓസീസിനെ കാത്തിരിക്കുന്നത്.