മുസ്ലിം ലീഗിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി. വോട്ടുചോര്‍ച്ച ഉണ്ടാകുന്നത് എല്‍ഡിഎഫിന് ആണെന്നും എസ്ഡിപിഐ ജമാത്തെ ഇസ്ലാമി ബന്ധത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയനാട്ടിലും പാലക്കാടും യുഡിഫിന് വന്‍ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തില്‍ ലീഗിനും പാണക്കാട് തങ്ങള്‍ക്കും ഉള്ള പങ്ക് വലുതാണ്. എല്‍ഡി എഫ് പലയിടത്തും മൂന്നാമതാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
മന്ത്രിയുടെ മണ്ഡലങ്ങളില്‍ പോലും എല്‍ഡിഎഫ് ബിജെപിക്കും പിന്നിലാണ്. കാര്‍ഡ് മാറ്റി കളിക്കുമ്പോള്‍ ഉണ്ടാകുന്ന ഫലം അവര്‍ ചിന്തിക്കുന്നില്ല. അവരുടെ കാലിന്റെ അടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് അറിയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
ലീഗിനെതിരെ വിമര്‍ശനം ഉണ്ടാകും ഇല്ലെങ്കിലെ അത്ഭുതം ഉളളു. ചേരിതിരിവിന് ഇടയാക്കുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അത് അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് അവര്‍ ഓര്‍ക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞ ആര്‍എസ്എസ് നേതാക്കളെ മുസ്ലിം ലീഗ് ഇപ്പോള്‍ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നുവെന്നും അധികാരം നിലനിര്‍ത്താന്‍ ചെയ്യാന്‍ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തില്‍ ലീഗ് മാറിയെന്നുമായിരുന്നു പിണറായിയുടെ വിമര്‍ശനം. ഒരു ദിവസത്തെ തോന്നല്‍ കൊണ്ട് ഉണ്ടാക്കിയത് അല്ല പരാമര്‍ശമെന്നും പിണറായി പ്രതികരിച്ചിരുന്നു.