ഹൈദരാബാദ്: യംഗ് ഇന്ത്യ സ്കില്‍സ് യൂണിവേഴ്സിറ്റിക്കായുള്ള അദാനി ഗ്രൂപ്പിന്റെ 100 കോടി നിക്ഷേപം നിരസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) പ്രകാരം സ്കില്‍സ് യൂണിവേഴ്സിറ്റിക്കായി 100 കോടി രൂപ നല്‍കാമെന്ന് അദാനി അറിയിച്ചിരുന്നു. ഇതിന് സംസ്ഥാനം നികുതി ഒഴിവാക്കാനും തീരുമാനമുണ്ടായി.
തെലങ്കാന സർക്കാരും അദാനിയും തമ്മിലുള്ള ബന്ധം മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ തീരുമാനം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നിക്ഷേപം നിരാകരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. പ്രീതി അദാനിക്കാണ് ഇത് സംബന്ധിച്ച് കത്തയച്ചത്.
ഞങ്ങള്‍ക്ക് വിവാദങ്ങള്‍ക്ക് താത്പര്യമില്ല. ഒരു കമ്പനിയും ഒറ്റ രൂപ പോലും തെലങ്കാന സര്‍ക്കാരിന് നല്‍കിയിട്ടില്ല. അദാനി നൽകും എന്ന് പറഞ്ഞിരുന്ന നിക്ഷേപം നിരസിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കിക്കൊണ്ട് കത്തും അയച്ചിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.