മിഥുൻ നാഥ്
ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രം ഡോറെമോണിന്റെ കടുത്ത ആരാധനകാനായിരുന്ന ഒരു കൊച്ചു കുട്ടി, പൊടുന്നനെ അതുപേക്ഷിച്ച് കൈയില്‍ ഒരു ക്രിക്കറ്റ് ബാറ്റേന്തി, ഇന്ന് നടന്നു കയറിയിരിക്കുന്നത് ചരിത്രത്തിലേക്കാണ്. പേര് വൈഭവ് സൂര്യവംശി. സ്വദേശം ബിഹാര്‍, വയസ് 13.
നിങ്ങള്‍ പതിമൂന്നാം വയസില്‍ എന്ത് ചെയ്യുകയായിരുന്നു, വൈഭവ് സൂര്യവംശി ഐപിഎല്‍ കളിക്കാന്‍ ഒരുങ്ങുകയാണ് എന്ന കമന്റ് ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിട്ടുണ്ട്. അതെ, ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് വൈഭവ് സ്വന്തമാക്കിയിരിക്കുന്നത്.
സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ വൈഭവിനെ രാജസ്ഥാന് റോയല്‍സ് 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കിയപ്പോള്‍ കണ്ടിരുന്നവരൊക്കെ ഒന്ന് അമ്പരന്ന് കാണും. ഡല്‍ഹി ക്യാപിറ്റല്‍സുമായി വാശിയേറിയ ലേലം വിളിക്ക് ഒടുവിലാണ് രാജസ്ഥാന് ഈ കൊച്ചുപയ്യനെ വലവീശി പിടിച്ചത്. അടുത്തിടെ രാജസ്ഥാന് റോയല്‍സിന്റെ ബാറ്റിംഗ് പരിശീലകന് വിക്രം രാത്തോര്‍ വൈഭവിനെ നാഗ്പൂരില്‍ നടന്ന ട്രയല്‍സിലേക്ക് വിളിച്ചിരുന്നു. അവിടെ ഒരോവറില്‍ 17 റണ്‍സാണ് അടിച്ചെടുത്തത്.
ഐപിഎല്ലിന് അടുത്ത തവണ 16 വയസാകും. ഇന്നോളം ഐപിഎല്ലിനേക്കാള്‍ പ്രായം കുറഞ്ഞ ഒരു താരം അതില്‍ കളിച്ചിട്ടില്ല, അങ്ങനെ വൈഭവ് അവിടെയും ചരിത്രം കുറിക്കുകയാണ്. രാജസ്ഥാന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയ രാഹുല്‍ ദ്രാവിന് കീഴില്‍ കളിക്കാനുള്ള ഭാഗ്യം കൂടിയാണ് ഈ 13 കാരന് ലഭിച്ചിരിക്കുന്നത്.
13 വയസ്സേ ഉള്ളെങ്കിലും കൊച്ചുകുട്ടിയെന്ന് പറഞ്ഞ് എഴുതിത്തള്ളാന്‍ വരട്ടെ, അത്ര നിസാരക്കാരനല്ല സൂര്യവംശി. അണ്ടര്‍ 19 ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടം വൈഭവ് സ്വന്തമാക്കിയത് അടുത്തിടെയാണ്. അതും ഓസീസ് അണ്ടര്‍ 19 ടീമിനെതിരെ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍. തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ വെറും 58 പന്തിലാണ് വൈഭവ് മൂന്നക്കം കുറിച്ചത്. ഇക്കാര്യത്തില്‍ ലോകക്രിക്കറ്റില്‍ തന്നെ വൈഭവിന് മുന്നിലുള്ളത് ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിന് വേണ്ടി 2005 ല്‍ 56 പന്തില്‍ സെഞ്ച്വറി തികച്ച മൊയിന്‍ അലി മാത്രം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ നാലാമത്തെ ഇന്ത്യന്‍താരം എന്ന നേട്ടവും ബിഹാറുകാരനായ വൈഭവ് ഈവര്‍ഷം ജനുവരിയില്‍ സ്വന്തമാക്കി. മുംബൈയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിറങ്ങുമ്പോള്‍ വൈഭവിന്റെ പ്രായം 12 വയസും 284 ദിവസവും.
2011 ല്‍ ബിഹാറിലെ സമസ്തിപൂരില്‍ ജനിച്ച വൈഭവ് നാലാം വയസ് മുതല്‍ ക്രിക്കറ്റിലുള്ള കഴിവ് പ്രകടമാക്കി തുടങ്ങി. ഇത് മനസിലാക്കിയ പിതാവ് സഞ്ജീവ് വൈഭവ് വീടിന് പുറകില്‍ മകന് കളിസ്ഥലം ഒരുക്കിക്കൊടുത്തു. 9 ആം വയസില്‍ പിതാവ് മകനെ സമസ്തിപൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ത്തു. രണ്ടര വര്‍ഷത്തെ പരിശീലനത്തിന് ശേഷം അണ്ടര്‍ 16 ട്രയല്‍സില്‍ പങ്കെടുത്തു. എന്നാല്‍ ചെറിയ പ്രായം ആയതിനാല്‍ പരിണന ലഭിച്ചില്ല. തുടര്‍ന്ന് മുന്രഞ്ജി താരം മനീഷ് ഓജയുടെ കീഴില്‍ ലഭിച്ച പരിശീലനമാണ് തന്നെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയതെന്ന് വൈഭവ് പറയുന്നു.
12 ആമത്തെ വയസില്‍ ബിഹാറിനായി വിനൂ മങ്കാദ് ട്രോഫി ടൂര്‍ണമെന്റില്‍ കളിച്ച് അഞ്ച് മത്സരങ്ങളില്‍ നിന്ന് 400 ഓളം റണ്‍സ് സ്കോര്‍ ചെയ്തു. പങ്കെടുത്ത ടൂര്‍ണമെന്റുകളിലെല്ലാം വാര്‍ത്താതലക്കെട്ടില്‍ നിറഞ്ഞതോടെ വൈഭവ് ബിഹാര്‍ ക്രിക്കറ്റിലെ പ്രധാനമുഖമായി ചെറിയ കാലം കൊണ്ട് മാറി.
വൈഭവ് ഇപ്പോള്‍ തന്റെ മാത്രമല്ല, ബിഹാറിന്റെ മുഴുവന്‍ പുത്രനാണെന്ന് പിതാവ് പറയുന്നു. വസ്തു വിറ്റാണ് മകന്റെ ക്രിക്കറ്റ് മോഹം സഫലമാക്കാനുള്ള പണം കണ്ടെത്തിയത്. ഇപ്പൊഴും സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ട്. ക്രിക്കറ്റ് കളിക്കുക മാത്രമാണ് മകന്റെ ലക്ഷ്യമെന്നും മറ്റൊന്നും ഇല്ലെന്നും അഭിമാനത്തോടെ പിതാവ് വ്യക്തമാക്കുന്നു.