ഡല്‍ഹി: ഭരണഘടനാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി ഇന്ത്യന്‍ ഭരണഘടന ഇതുവരെ വായിച്ചിട്ടില്ലെന്നും അക്കാര്യത്തില്‍ തനിക്ക് ഉറപ്പ് പറയാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടന വായിച്ചിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യവും ചെയ്യില്ലായിരുന്നെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.
‘ഭരണഘടനാ ദിനത്തില്‍ മോദിയും ബിജെപി സര്‍ക്കാരും പാര്‍ലമെന്റില്‍ ഭരണഘടനാ ദിനാഘോഷം നടത്തി. ഇത് ഇന്ത്യയുടെ ഭരണഘടനയാണ്. എന്നാല്‍ പ്രധാനമന്ത്രി ഇത് വായിച്ചിട്ടില്ല’. ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ക്യാംപെയിനില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
ഭരണഘടന സത്യത്തിന്റെയും അഹിംസയുടേയും പുസ്തകമാണെന്നും അത് അംബേദ്കര്‍, ജ്യോതിറാവു ഫൂലെ, ബുദ്ധന്, ഗാന്ധിജി എന്നിവരുടെ സാമൂഹുക ശാക്തീകരണത്തിനുള്ള ആശയങ്ങള്‍ അടങ്ങിയതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.