തിരുവനന്തപുരം : റിപ്പോർട്ടർ ചാനലിനോട് അയിത്തം പ്രഖ്യാപിച്ച് കോൺഗ്രസ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചാനൽ നടത്തിയ ഇടപെടലുകളെ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ബഹിഷ്കരണം. രാത്രി ചർച്ചകളിൽ ഉൾപ്പെടെ കോൺഗ്രസ് പ്രതിനിധികളെ ഇനി അയക്കേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനം.
തെരഞ്ഞെടുപ്പ് കാലത്ത് തുടർച്ചയായി യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജവാർത്തകൾ നൽകിയെന്ന വാദമുയർത്തിയാണ് കോൺഗ്രസ് ചാനൽ ബഹിഷ്കരിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന രാത്രിയിലെ രണ്ടു ചർച്ചകളിലും കോൺഗ്രസ് പ്രതിനിധികളെ അയച്ചിരുന്നില്ല.
നവീന് ബാബുവിന്റെ മരണം; സിബിഐ അന്വേഷണ ഹര്ജി ഇന്ന് പരിഗണിക്കും
സാമൂഹ്യമാധ്യമങ്ങളിലും റിപ്പോർട്ടർ ചാനലിനെതിരെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. പ്രസ്തുത ചാനൽ ബഹിഷ്കരിക്കണമെന്ന ആഹ്വാനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്ന നേതാക്കളും പ്രവർത്തകരും നൽകുന്നത്. എസ്ഡിപിഐ പ്രവർത്തകർ യുഡിഎഫ് സ്ഥാനാർഥി വിജയിച്ച വേളയിൽ ആഹ്ലാദപ്രകടനം നടത്തിയിരുന്നു.
അതിന്റെ ദൃശ്യങ്ങളെ ഉൾക്കൊള്ളിച്ച് ചാനൽ പ്രതിനിധി നടത്തിയ റിപ്പോർട്ടിങ് ആയിരുന്നു കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. എസ്ഡിപിഐയുടെ പിന്തുണയില്ലാതെ യുഡിഎഫിന് പാലക്കാട് വിജയിക്കുവാൻ കഴിയില്ലെന്ന തരത്തിലുള്ള ലൈവ് റിപ്പോർട്ടിംഗ് ആയിരുന്നു നടത്തിയിരുന്നത്. ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിഷയം ചാനലിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തങ്ങളുടെ റിപ്പോർട്ടർക്കൊപ്പം നിലകൊള്ളുകയായിരുന്നു മാനേജ്മെന്റ്.
ഇതോടെയാണ് പൂർണ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് കടന്നത്. ചാനലിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. മുൻപ് രാഹുൽ ഗാന്ധിക്കെതിരായ ചാനൽ മേധാവിയുടെ പരാമർശത്തെ തുടർന്ന് ഒരു മാസത്തിലേറെ കോൺഗ്രസ് റിപ്പോർട്ടറിനെ ബഹിഷ്കരിച്ചിരുന്നു.