ഡൽഹി : ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. ദീർഘകാലം ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഖകരം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി. മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ മഹേഷ് ഖാരെയ്ക്കെതിരെ എസ് ജാദവ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നടപടി.
വിവാഹിതനായ ഖാരെയും വിധവയായ ജാദവും തമ്മിലുള്ള ബന്ധം 2008 ലാണ് ആരംഭിച്ചത്. തന്നെ വിവാഹം കഴിക്കാമെന്ന് യുവാവ് വാഗ്ദാനം ചെയ്തതിന് ശേഷമാണ് തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ജാദവ് പറഞ്ഞു. 2017 മാർച്ചിലാണ് ജാദവ് ഖാരെയ്ക്കെതിരെ ബലാത്സംഗ പരാതി നൽകിയത്.
വ്യാജ വിവാഹ വാഗ്ദാനത്തിന്റെ മറവിൽ തന്നോട് ബലപ്രയോഗം നടത്തിയെന്ന പരാതിക്കാരിയുടെ വാദം കോടതി തള്ളുകയുണ്ടായി. വഞ്ചിക്കപ്പെട്ട സ്ത്രീ യഥാസമയം കേസ് രജിസ്റ്റർ ചെയ്യണം, വർഷങ്ങളോളം ശാരീരിക ബന്ധം തുടർന്നതിന് ശേഷമല്ലയെന്നും കോടതി പറഞ്ഞു.