മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ബിജെപി സഖ്യകക്ഷികളായി ഷിന്‍ഡെ വിഭാഗം ശിവസേന, അജിത് പവാര്‍ വിഭാഗം എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും.
ഷിന്‍ഡെ വിഭാഗത്തിന് മൂന്ന് സുപ്രധാന വകുപ്പുകള്‍ ഉള്‍പ്പെടെ 13 മന്ത്രിസ്ഥാനം നല്‍കാനാണ് നീക്കം. അജിത് പവാര്‍ വിഭാഗത്തിന് ഒന്‍പത് മന്ത്രിമാരെ ലഭിക്കും. 43 അംഗ മന്ത്രിസഭയില്‍ പകുതിയോളം സ്ഥാനങ്ങള്‍ ബിജെപി കൈവശം വയ്ക്കാനാണ് സാധ്യത.
മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബിജെപിയിലെ ദേവേന്ദ്ര ഫഡ്നാവിസിന് വഴിതെളിഞ്ഞത്. മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കാനാകില്ലെന്ന തുടക്കം മുതലുള്ള ബിജെപി നിലപാട് ഷിന്‍ഡെ വിഭാഗത്തിന് അംഗീകരിക്കേണ്ടി വരികയായിരുന്നു.
പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ എം പി
രണ്ട് ഉപമുഖ്യമന്ത്രി പദങ്ങള്‍ ഷിന്‍ഡെ, അജിത് പക്ഷങ്ങള്‍ക്കായി നല്‍കും. കൂടാതെ നഗരവികസനം, പൊതുമരാമത്ത്, ജലവിഭവം തുടങ്ങിയ സുപ്രധാന വകുപ്പുകളും ഷിന്‍ഡെ വിഭാഗത്തിന് നല്‍കാനാണ് ബിജെപി നീക്കം.
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകള്‍ നേടിയിരുന്നു. എന്‍സിപി അജിത് പക്ഷം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് ഷിന്‍ഡെ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക് അനിവാര്യമല്ലാത്ത അവസ്ഥയായി. ഇത് മനസിലാക്കിയാണ് ഷിന്‍ഡെ ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയത്. അതേസമയം, ഏക്നാഥ് ഷിന്‍ഡെയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉദ്ധവ് വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.