തിരുവനന്തപുരം : മുനമ്പത്തെ ഭൂമിപ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. റിട്ടയേഡ് ഹൈക്കോടതി ജഡ്ജി സിഎന്‍ രാമചന്ദ്രന് നായരാണ് കമ്മീഷന്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുന്നത്.
- പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സര്‍വേ നമ്പര്‍ 18/1 ല്‍ ഉള്‍പ്പെട്ട വസ്തുവിന്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്തി, എന്നിവ തിരിച്ചറിയുക.
- ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുക, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യുക എന്നിവയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍.
മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഈ മാസം 22 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുനമ്പത്തെ പ്രശ്നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനമായത്.