കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെയുആർഡിഎഫ്സി) 2019-20 വർഷത്തെ ലാഭവിഹിതമായ 83,82,345 രൂപ സർക്കാരിന് കൈമാറി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് തുക കെയുആർഡിഎഫ്സി ചെയർമാൻ അഡ്വ. റെജി സഖറിയ മാനേജിംഗ് ഡയറക്ടർ ആർ എസ് കണ്ണൻ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.
2019-20 സാമ്പത്തിക വർഷത്തെ ആറ്റാദായമായ 13,22,04,511 രൂപ അടിസ്ഥാനപ്പെടുത്തിയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. 2017-18, 2018-19 വർഷങ്ങളിൽ മതിയായ ലഭമില്ലാത്തതിനാൽ ഡിവിഡന്റ് പ്രഖ്യാപിച്ചിരുന്നില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെ യു ആർ ഡി എഫ് സി. ലൈഫ് വീടുകൾക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്ന വായ്പയുൾപ്പെടെ കൈകാര്യം ചെയ്യുന്നതും കെയുആർഡിഎഫ്സി യാണ്.
കേന്ദ്ര സർക്കാരിന്റേത് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന വായ്പ ഏകോപിപ്പിച്ച് നൽകുകയും കൃത്യമായ ഇടവേളകളിൽ തിരിച്ചടയ്ക്കുകയും ചെയ്യുന്ന ജോലിയാണ് സ്ഥാപനം നിർവ്വഹിക്കുന്നത്.