ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലാം മത്സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും ഒന്നര പോയിന്റ് വീതം നേടി തുല്യനിലയിലാണ്. 14 റൗണ്ടുകളാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ വിജയിയാകും.
വെളുത്ത കരുക്കളുമായി ആദ്യ മത്സരത്തിനിറങ്ങിയ ഗുകേഷിന് പക്ഷെ ലിറന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. എന്നാല്‍ കറുത്ത കരുക്കളുമായി രണ്ടാം മത്സരത്തില്‍ സമനില പിടിച്ചത് ആത്മവിശ്വാസം നല്കി. മൂന്നാം മത്സരത്തില്‍ വീണ്ടും വെള്ളക്കരുക്കളുമായി ഇറങ്ങിയ ഗുകേഷ് ലിറനെ മലര്‍ത്തിയടിക്കുകയായിരുന്നു. ക്ലാസിക് ചെസില്‍ ലിറന് മേല്‍ ഗുകേഷിന്റെ ആദ്യ ജയമായിരുന്നു അത്.
ഇന്ന് കരുത്ത കരുക്കളുമായാണ് ഗുകേഷ് മത്സരിക്കുക. കഴിഞ്ഞ മത്സരത്തിലെ ഉജ്ജ്വല ജയം നല്കുന്ന ആത്മവിശ്വാസം ഗുകേഷിന് മുതല്‍ക്കൂട്ടാകും എന്നാണ് വിലയിരുത്തല്‍. ആദ്യ 40 നീക്കങ്ങള്‍ക്ക് രണ്ട് മണിക്കൂറാണ് ഓരോ താരങ്ങള്‍ക്കും ലഭിക്കുക. എന്നാല്‍ മൂന്നാം മത്സരത്തില്‍ ലിറന് 37 ആമത്തെ നീക്കം പൂര്‍ത്തിയാക്കിയപ്പോള്‍ അനുവദിച്ച രണ്ട് മണിക്കൂര്‍ സമയം അവസാനിച്ചു. ഇതോടെ ഗുകേഷ് വിജയിക്കുകയായിരുന്നു.