ഹൈദരാബാദ് : സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം. 43 റണ്‍സിനാണ് സഞ്ജു സാംസണ് നയിച്ച കേരളത്തിന്റെ വിജയം. കേരളം ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 191 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിതീഷാണ് മുംബൈയെ തകര്‍ത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഓപ്പണര്‍ രോഹന് കുന്നുമ്മല്‍, മധ്യനിര ബാറ്റര്‍ സല്മാന് നിസാര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തിലാണ് അഞ്ച് വിക്കറ്റിന് 234 റണ്‍സ് അടിച്ചത്. രോഹനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു നാല് റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്ന അസറുദ്ദീനും (13) പിടിച്ച് നില്ക്കാനായില്ല. സച്ചിന് ബേബി റിട്ടയേഡ് ഹര്‍ട്ടായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രോഹനും സല്‍മാനും 131 റണ്‍സാണ് അടിച്ചെടുത്തത്. രോഹന് 48 പന്തില്‍ 87 ഉം സല്മാന് 49 പന്തില്‍ 99 ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ മുംബൈ തുടക്കം മുതല്‍ ആഞ്ഞടിച്ചെങ്കിലും മുറയ്ക്ക് വിക്കറ്റ് വീഴ്ത്തി കേരള ബൗളര്‍മാര്‍ മത്സരത്തിന്റെ കടിഞ്ഞാണ്‍ കൈപ്പിടിയിലൊതുക്കി. 35 പന്തില്‍ 68 റണ്‍സെടുത്ത രഹാനെയ്ക്ക് മാത്രമാണ് തിളങ്ങാനായത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 18 പന്തില്‍ 32 റണ്‍സ് അടിച്ചെടുത്തു.