കൊച്ചി: നടി മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെ എതിര്‍ത്ത് ഡബ്ല്യുസിസി രംഗത്ത്. മാല പാര്‍വതി സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ക്കെതിരെയാണ് നടിയുടെ ഹര്‍ജി. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംഘടന അപേക്ഷ നല്കി.
ഹേമ കമ്മറ്റിക്ക് മുന്‍പാകെ ഹാജരായി മൊഴി നല്കിയ നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. എസ്ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് എസ്ഐടിയെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവെന്നും മാല പാര്‍വ്വതി പറഞ്ഞു.