സൈബര്‍ ബുള്ളിങും സോഷ്യല്‍മീഡിയ തട്ടിപ്പുകളും അരങ്ങുതകര്‍ക്കുന്ന കാലമാണല്ലോ ഇത്. സത്രീകളുടെ ഫോട്ടോസിനും വീഡിയോസിനും താഴെ വരുന്ന വായിക്കാന്‍ കൊള്ളാത്ത കമന്റ്സും ഇന്‍ബോക്സില്‍ വരുന്ന അശ്ലീല ചുവയുള്ള മെസ്സേസുകളുടേയും ഉറവിടം തേടിയാല്‍ ഇത്തരം വാചകങ്ങളൊക്കെയും സ്പെല്ലിങ് തെറ്റാതെ പടച്ചുവിടുന്നത് പലപ്പോളൊക്കെയും കുട്ടികളാണെന്ന് കണ്ടെത്താറുണ്ട്.
അതില്‍ അതിശയം തോന്നേണ്ട കാര്യമില്ല. അതൊക്കെയും സര്‍വ്വസാധാരണമായിക്കഴിഞ്ഞല്ലോ. പണ്ട് മണ്ണപ്പം ചുട്ടുനടന്നുവെന്നും പറഞ്ഞ് ഇന്നത്തെകുട്ടികള്‍ക്ക് ആ കഥയൊന്നും കേള്‍ക്കേണ്ട. അവരൊക്കെയും ഇന്‍സ്റ്റാഗ്രാമത്തിലാണ്.
എത്രയും പെട്ടന്ന് മലയാളികള്‍ക്കിടയില്‍ നടപ്പിലാകേണ്ട നിയമം ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് പാസ്സാക്കിയിരിക്കുന്നു. പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ നിയമമാണ് ഓസ്ട്രേലിയയുടെ പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്.
സ്വകാര്യതക്ക് വേണ്ടി വാദിക്കുന്ന സംഘടനകളും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ചില സംഘടനകളും നിയമത്തെ എതിര്‍ത്തെങ്കിലും രാജ്യത്തെ 77 ശതമാനം പൗരന്മാരും നിയമത്തിന് അനുകൂല അഭിപ്രായമാണ് അറിയിച്ചത്.
സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കങ്ങള്‍ സ്വാധീനിച്ചത് മൂലം അക്രമം നടത്തിയ കുട്ടികളുടെയും അക്രമത്തിന് ഇരയായ കുട്ടികളുടെയും മാതാപിതാക്കളുടെ മൊഴികളും പാര്‍ലമെന്റ് പരിശോധിച്ചിരുന്നു.
മാസങ്ങള്‍ നീണ്ട പൊതു ചര്‍ച്ചയ്ക്കും തിരക്കേറിയ പാര്‍ലമെന്ററി പ്രക്രിയയ്ക്കും ശേഷം, ബില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ഒരാഴ്ചയ്ക്കുള്ളില്‍ പാസാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വര്‍ഷത്തിലെ അവസാന സിറ്റിംഗ് ദിവസമായ വ്യാഴാഴ്ച വൈകിട്ടാണ് ഓസട്രേലിയന് സെനറ്റ് സോഷ്യല്‍ മീഡിയ നിരോധനത്തിന് അംഗീകാരം നല്‍കിയത്.
ഇത്രയൊക്കെ ആകുമ്പോള്‍ ടെക് ഭീമന്മാര് അടങ്ങിയിരിക്കുമോ ? നഷ്ടം അവര്‍ക്കാണല്ലോ… മെറ്റ, ടിക് ടോക്, എക്സ് കമ്പനികള്‍ ഈ നിയമത്തിനെതിരേ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഭീമന്മാരുടെയൊക്കെ കടുത്ത എതിര്‍പ്പിനെ തള്ളിയാണ് ഓസ്ട്രേലയില്‍ സര്‍ക്കാര്‍ നടപടി പൂര്‍ത്തിയാക്കിയത്.
പുതിയ നിയമപ്രകാരം, പതിനാറ് വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടയുന്നതിന് ടെക് കമ്പനികള്‍ സുരക്ഷാ നടപടികള്‍ കൈക്കൊള്ളണം അല്ലെങ്കില്‍ ഏകദേശം 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കും.