ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലാം മത്സരത്തില്‍ ഇന്ത്യയുടെ ഡി ഗുകേഷും നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനും സമനിലയില്‍ പിരിഞ്ഞു. 42 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനിലയ്ക്ക് വഴങ്ങുകയായിരുന്നു. രണ്ട് പേരും തുടര്‍ച്ചയായി മൂന്ന് തവണ ഒരേ നീക്കം നടത്തിയതോടെയാണ് സമനില അനിവാര്യമായത്.
ഇന്നത്തെ സമനിലയോടെ ഇരുവര്‍ക്കും രണ്ട് പോയിന്റ് വീതമായി. ആദ്യ മത്സരം ലിറനും മൂന്നാം മത്സരം ഗുകേഷും ജയിച്ചപ്പോള്‍ രണ്ടും നാലും മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. 14 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ കിരീടം ചൂടും.
ഇന്ന് വെളുത്ത കരുക്കളുമായി കളിച്ച ലിറന് ബോര്‍ഡില്‍ മേധാവിത്തമുണ്ടായിരുന്നു. എന്നാല്‍ മികച്ച നീക്കങ്ങളോടെ ഗുകേഷ് ലിറന് വിജയം നിഷേധിച്ചു. കറുത്ത കരുക്കളുമായി കളിച്ച് രണ്ട് മത്സരത്തിലും സമനില നേടാനായത് ഗുകേഷിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. നാളെ നടക്കുന്ന അഞ്ചാം മത്സരത്തില്‍ ഗുകേഷ് വെള്ളക്കരുക്കളുമായാണ് ഇറങ്ങുക.