എക്സ് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്ത് സംവിധായകന് വിഘ്നേശ് ശിവന്. താരം സജീവമായി ഉപയോഗിച്ചിരുന്ന അക്കൗണ്ട് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഒപ്പം സംവിധായകന്റെ മുന്‍പോസ്റ്റുകളും കമന്റുകളും ഇപ്പോള്‍ ബ്ലാങ്ക് ബോക്സായാണ് കാണിക്കുന്നത്. ഇതിന് പിന്നിലെ കാരണം എന്തെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്.
ധനുഷുമായുള്ള വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഘ്നേശും നയന്‍താരയും വലിയ തോതില്‍ സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം നടന്ന ഗലാട്ട പ്ലസ് നടത്തിയ റൗണ്ട് ടേബിള്‍ പരിപാടിയിലെ വിഘ്നേശിന്റെ വാക്കുകള്‍ക്കും നേരെ ട്രോളുകള്‍ വന്നിരുന്നു.
യെന്നൈ അറിന്താല്‍ എന്ന സിനിമയ്ക്കായി ഗാനം എഴുതുന്ന വേളയില്‍ തന്റെ നാനും റൗഡി താന്‍ എന്ന സിനിമയെ അജിത് ഏറെ പ്രശംസിച്ചിരുന്നു എന്നാണ് വിഘ്നേശ് റൗണ്ട് ടേബിളില്‍ പറഞ്ഞത്. യെന്നൈ അറിന്താല്‍ 2015 ഫെബ്രുവരിയിലും നാനും റൗഡി താന്‍ ഒക്ടോബറിലുമായിരുന്നു റിലീസ് ചെയ്തതെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്പോട്ട് ലൈറ്റില്‍ നില്‍ക്കുന്നതിന് വിഘ്നേശ് നുണ പറയുന്നതാണെന്ന് ചിലര്‍ വിമര്‍ശിച്ചു. ഇതാകാം അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യാന്‍ കാരണമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.